കൊച്ചി: തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ വയോധികനെ സഹോദരന്‍റെ വീട്ടിലേക്ക് മാറ്റി. ഷൺമുഖനെ സഹോദരന്‍റെ കോതമംഗലത്തെ വീട്ടിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം പിതാവിനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ മകൻ അജിത്ത് വേളാങ്കണ്ണിയിലെന്ന് പോലീസ് പറഞ്ഞു. കിടപ്പുരോഗിയായ ഷൺമുഖന്‍ രണ്ട് ദിവസം ഭക്ഷണം പോലും കിട്ടാതെ അവശനായിരുന്നു.
വെണ്ണല തിരുവാതിരയിൽ സുനിലിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഷൺമുഖൻ വാടകയ്ക്ക് താമസിച്ചിരുന്നത്. മകന്‍ അജിത്തും കുടുംബവും വീട്ടുസാധനങ്ങളെടുത്ത് അച്ഛനെ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. വെള്ളിയാഴ്ചയും ഇവർ എത്താതായതോടെ അയൽ വീടുകളിലെ ആളുകൾ വീട്ടുടമയെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരാണ് കഴിഞ്ഞ രാത്രിയിൽ ഷൺമുഖന് ഭക്ഷണം നൽകിയത്. വീട്ടുടമ വിവരം അറിയിച്ചതോടെ ഹിൽപാലസ് പോലീസ് സ്ഥലത്തെത്തി. ഇന്നു രാവിലെ പാലിയേറ്റീവ് പ്രവർത്തകരും വീട്ടിലെത്തി. ഷൺമുഖനെ ഉടൻ തന്നെ താലൂക്കാശുപത്രിയിലേയ്ക്ക് മാറ്റുമെന്ന് നഗരസഭ വൈസ് ചെയർമാൻ പ്രദീപ് കുമാർപറഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഷൺമുഖനും മകന്‍റെ കുടുംബവും ഈ വീട്ടിൽ താമസം തുടങ്ങിയത്. ഷൺമുഖനെ മകൻ അജിത് നോക്കുന്നില്ലെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. സഹോദരിമാർ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് മകൻ അജിത് മുങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.