യുക്രൈയ്നിലെ റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ അസംസ്കൃത എണ്ണവില കുത്തനെ കൂടി. സ്വര്‍ണ്ണവിലയിലും വര്‍ധനവുണ്ട്. അതേസമയം രാജ്യാന്തര ഓഹരിവിപണികളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1800 പോയിന്‍റും നിഫ്റ്റി 500 പോയിന്‍റും ഇടിഞ്ഞു.
അസംസ്കൃത എണ്ണവില ബാരലിന് നൂറ് ഡോളര്‍ പിന്നിട്ടു. 7 വർഷത്തിന് ശേഷമാണ് ബ്രെന്‍റ് ക്രൂഡ് വില നൂറ് ഡോളര്‍ പിന്നിടുന്നത്. 2014 ലാണ് ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്‍റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. ക്രൂഡ് ഓയില്‍ വില ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഇന്ത്യയിലും ഇന്ധനവില വീണ്ടും വര്‍ധിപ്പിക്കാനുള്ള സാഹചര്യമാണ് ഇതോടെ ഉണ്ടായിരിക്കുന്നത്.
റഷ്യയുടെ സൈനിക നടപടിയോടെ ആഗോള സ്വർണ്ണവിലയും കുത്തനെ ഉയരുകയാണ്. കേരളത്തിൽ ഇന്ന് പവന് 680 രൂപ കൂടി 37480 രൂപയായി.