ഡോളർക്കടത്ത് : കേസുമായി ബന്ധപ്പെട്ട ഭരണഘടനാ പദവിയിലുള്ള ഉന്നതൻ സ്പീക്കർ പി ശ്രീരാമകൃഷണനെന്ന് സൂചന

Jaihind News Bureau
Friday, January 1, 2021

ഡോളർ കടത്ത് കേസിൽ കസ്റ്റംസിൻ്റെ അന്വേഷണം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനിലേക്ക് നീളുന്നു. അടുത്തയാഴ്ച്ച സ്പീക്കറെ കസ്റ്റംസ് കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇതിന് മുന്നോടിയായി യു എ ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ കസ്റ്റംസ് അടുത്ത ദിവസം വീണ്ടും ചോദ്യം ചെയ്യും.

ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് സ്പീക്കർക്കെതിരെ കസ്റ്റംസിൻ്റെ അന്വേഷണം നടക്കുന്നത്. ഭരണഘടനാ പദവിയിലുള്ള ഉന്നതന് ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. മാത്രമല്ല മജിസ്ട്രേട്ട് മുമ്പാകെയും സ്വർണ്ണ – ഡോളർ കടത്ത് കേസുകളിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിൽ ഒന്നിന്റെ ചുമതല വഹിക്കുന്ന സ്പീക്കർ പി ശ്രീരാമകൃഷണനെതിരെയാണ് പ്രതികൾ മൊഴി നൽകിയതെന്നാണ് പുറത്ത് വരുന്ന സൂചന. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കെമാറിയെന്ന സ്വപ്നയുടെയും, സരിത്തിന്റെയും മൊഴിയാണ് ശ്രീരാമകൃഷ്ണന് ഡോളർ കടത്ത് കേസിൽ കുരുക്കായത്. അടുത്ത യാഴ്ച കസ്റ്റംസിന് മുന്നിൽ സ്പീക്കർ എത്തേണ്ടി വരുമെന്നാണ് ലഭിക്കുന്ന സൂചന. ഇതിന് മുന്നോടിയായി യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ ഡ്രൈവർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരെ തിങ്കളാഴ്ച്ച കസ്റ്റംസ് ചോദ്യം. നേരത്തെ ഖുറാൻ – ഈത്തപ്പഴ വിതരണ കേസുമായി ബന്ധപ്പെട്ടും ഉദ്യോഗസ്ഥരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാകും സ്പീക്കറിലേക്ക് കൂടുതൽ അന്വേഷണം കടക്കുക. നേരത്തെ തന്നെ സ്വർണ്ണ കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്കൊപ്പം സ്പീക്കർ സ്വകാര്യ പരിപാടിയിൽ വേദി പങ്കിട്ടതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

സ്വപ്നയുടെ രഹസ്യമൊഴിയിലെ പേരുകൾ കേട്ട് കോടതി ഞെട്ടിയെന്ന വാർത്ത പുറത്തുവന്നതോടെ വീണ്ടും സ്പീക്കർക്ക് നേരെ ആരോപണങ്ങൾ ഉർന്നു. മന്ത്രി കെ ടി ജലീലിന് പിന്നാലെ സ്പീക്കറേയും സ്വർണ്ണക്കടത്ത് കേസന്വേഷിക്കുന്ന ദേശീയ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ അത് സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കും. മാത്രമല്ല അടുത്ത് ചേരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിലും സ്പീക്കർ വിവാദം പ്രതിഫലിക്കും.

അതേസമയം, ഡോളര്‍ കടത്ത് കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിക്കാനില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. സംഭവത്തെ കുറിച് അറിയില്ലെന്നും സ്പീക്കർ മലപ്പുറത്ത് പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്തിന്‍റെയും സ്വപ്നയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.