ഉദ്യോഗസ്ഥരുടെ ആർഭാടം : ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും കുടിച്ചത് 12 ലക്ഷം രൂപയുടെ കോഫി

Jaihind Webdesk
Wednesday, December 29, 2021

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും ഉദ്യോഗസ്ഥരുടെ ധൂർത്തിനു കുറവില്ല. ചീഫ് സെക്രട്ടറിയും മറ്റ് സെക്രട്ടറിമാരും 7 മാസം കൊണ്ട് കുടിച്ചത് 12 ലക്ഷം രൂപയുടെ കോഫിയും കടിയും. തുക അടിയന്തിരമായി കോഫി ഹൗസിന് നൽകാൻ പൊതുഭരണ അക്കൗണ്ട്സ് വകുപ്പിൽ നിന്ന് ഉത്തരവായിട്ടുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. അപ്പോഴും മന്ത്രിമാരുടെയും, ഉദ്യോഗസ്ഥരുടെയും പാഴ് ചെലവിന് കുറവില്ല.  ചീഫ് സെക്രട്ടറി വിപി ജോയിയും മറ്റ് സെക്രട്ടറിമാരും സെക്രട്ടേറിയേറ്റിലെ കോഫി ഹൗസിൽ നിന്ന് 7 മാസം  കോഫിയും ചെറുകടിയും കഴിച്ചത് 12 ലക്ഷം രൂപയ്ക്ക് . 2021 ജനുവരി, മാർച്ച്, ഏപ്രിൽ , മെയ് , ജൂൺ , ജൂലൈ, ആഗസ്ത് മാസത്തിൽ ഈയിനത്തിൽ ചെലവായത് 12, 09, 839 രൂപയാണ്. ചെലവായ തുക അടിയന്തിരമായി കോഫി ഹൗസിന് നൽകാൻ പൊതുഭരണ അക്കൗണ്ട്സ് വകുപ്പിൽ നിന്ന് ഉത്തരവായി.

രണ്ടര ലക്ഷം രൂപയാണ് ചീഫ് സെക്രട്ടറിയുടെ പ്രതിമാസ ശമ്പളമെങ്കിൽ സെക്രട്ടറിമാരുടെ പ്രതിമാസ ശമ്പളം 2 ലക്ഷം രൂപയ്ക്ക് മുകളിലാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കടന്നുപോകുമ്പോൾ ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥർ കോഫി ഹൗസിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തിനെങ്കിലും സ്വന്തം കീശയിൽ നിന്ന് കൊടുത്തു കൂടേ എന്ന വിമർശനമാണ് ഉത്തരവ് പുറത്ത് വന്നപ്പോൾ ഉയരുന്നത്. നേരത്തെ മന്ത്രി സജി ചെറിയാന്റെ ശുചി മുറി നിർമാണവുമായി ബന്ധപ്പെട്ട് 4 ലക്ഷത്തോളം രൂപ അനുവദിച്ച നടപടിക്കെതിരെയും വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.