മരംമുറിയില്‍ വീണ്ടും പ്രതികാര നടപടിയുമായി സർക്കാർ ; ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എന്‍ട്രി റദ്ദാക്കി

Jaihind Webdesk
Friday, July 16, 2021

തിരുവനന്തപുരം : മുട്ടിൽ മരംമുറി വിവാദത്തിൽ വീണ്ടും പ്രതികാരനടപടിയുമായി സർക്കാർ. മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശ പ്രകാരം ഫയലുകൾ നൽകിയ ഉദ്യോഗസ്ഥയുടെ ഗുഡ് സർവ്വീസ് എന്‍ട്രി പിൻവലിച്ചു. അണ്ടർ സെക്രട്ടറി ശാലിനിയുടെ ഗുഡ് സർവ്വീസ് എന്‍ട്രിയാണ് പിൻവലിച്ചത്. ഇന്‍റഗ്രിറ്റി ഇല്ല എന്ന് ആരോപിച്ച് ശാലിനിയുടെ ഗുഡ് സർവീസ് പിന്‍വലിച്ച് സർക്കാർ ഉത്തരവിറക്കി.

പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ഉദ്യോഗസ്ഥയ്ക്ക് വിശ്വാസ്യത ഇല്ല എന്നാണ് കണ്ടെത്തൽ. അതിനാൽ ഗുഡ് സർവീസ് എൻട്രി റദ്ദാക്കണമെന്നും ഇക്കാര്യം സർവ്വീസ് ബുക്കിൽ രേഖപ്പെടുത്തണമെന്നും റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ശാലിനിക്ക് സർക്കാർ ഗുഡ് സർവീസ് എൻട്രി നൽകിയത്. റവന്യൂ വകുപ്പിലെ പ്രവർത്തനമികവ് കണക്കിലെടുത്ത് റവന്യൂ സെക്രട്ടറി ജയതിലക് തന്നെയാണ് ഉദ്യോഗസ്ഥയ്ക്ക് ബഹുമതി നൽകിയത്.

വർഷങ്ങളായി റവന്യൂ വകുപ്പിലെ വിവിധ വിഭാഗങ്ങളിലായി ജോലിചെയ്യുന്ന ശാലിനിയുടെ ആത്മാർത്ഥത കണക്കിലെടുത്തു കൊണ്ടായിരുന്നു അന്ന് റവന്യൂ സെക്രട്ടറിയുടെ ശുപാർശ. മരംമുറിയിൽ വിവരാവകാശപ്രകാരം മറുപടി നൽകിയ അണ്ടർ സെക്രട്ടറി ശാലിനിയെ നേരത്തെ വിവരാവകാശ സെക്ഷനിൽ നിന്ന് മാറ്റി നിർബന്ധിത അവധിയും നൽകിയിരിന്നു. ഇതിനുപിന്നാലെയാണ് മറ്റൊരു അച്ചടക്കനടപടി കൂടി ശാലിനിക്ക് നേരെ  സർക്കാർ സ്വീകരിക്കുന്നത്.