നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാറിന്‍റെ സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി

Jaihind News Bureau
Thursday, November 19, 2020

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ ബി ഗണേഷ് കുമാറിൻ്റെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായി. അഞ്ചു മണിക്കൂർ നേരത്തെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷമാണ് ബി പ്രദീപ് കുമാർ മടങ്ങിയത്. മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും.

കാസർകോട് സെഷൻസ് കോടതിയുടെ നിർദേശപ്രകാരമാണ് കെ ബി ഗണേഷ് കുമാർ എം എൽ എ യുടെ ഓഫീസ് സെക്രട്ടറി ബി പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂറോളം നീണ്ടു.

നവംബർ 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുള്ളതിനാൽ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ.
മൊഴിയുടെ വിശദാംശങ്ങൾ അന്വേഷണ സംഘം നാളെ കോടതിയിൽ സമർപ്പിക്കും.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തി എന്ന പരാതിയിലാണ് ഗണേഷ് കുമാർ എം എൽ യുടെ സഹായി ബി പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജറായത്.

എയർ ഇന്ത്യ വിമാനത്തിൽ കഴിഞ്ഞ ജനുവരി 24 ന് കാഞ്ഞങ്ങാട് എത്തിയ പ്രദീപ് കുമാർ വിവിൻ ലാലിൻ്റെ വീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലുമെത്തിയിരുന്നു. ദിലീപിൻ്റെ വക്കീൽ ഗുമസ്തനെന്ന് പരിചയപ്പെടുത്തിയ ശേഷം കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണി കത്തുകളും വന്നതോടെയാണ് കഴിഞ്ഞ സെപ്തംബർ 26 ന് വിപിൻ ലാൽ ബേക്കൽ പോലീസിൽ പരാതി നൽകിയത്. കേസിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ച ശേഷമാണ് പ്രദീപിൻ്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയത്.