കൊടകര കുഴല്‍പ്പണം : കണ്ടെത്താന്‍ ഇനിയും രണ്ട് കോടിയിലേറെ ; ഇഡിയും കളത്തിലേക്ക്

 

തൃശൂര്‍ : കൊടകര കുഴൽപ്പണക്കേസ് അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം കണ്ടെടുക്കുന്നത് പോലീസിന് വെല്ലുവിളിയാകുന്നു. കൂടുതൽ പേരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. അതേസമയം കേസ് ഏറ്റെടുക്കാൻ ഇ.ഡി നടപടി തുടങ്ങി.

മൂന്നര കോടി രൂപ കവർച്ച ചെയ്ത സംഭവത്തിൽ ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ഇതുവരെ കണ്ടടുത്തത്. ബാക്കി തുക കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ചോദ്യം ചെയ്ത് വരികയാണ്. എന്നാൽ കാര്യമായ വിവരങ്ങൾ ലഭിക്കുന്നില്ല. കവർച്ച നടന്ന് 20 ദിവസങ്ങൾക്ക് ശേഷമാണ് ആദ്യ പ്രതി അറസ്റ്റിലാക്കുന്നത്. പിന്നീട് 20 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതിനിടയിൽ പ്രതികൾ പണം പങ്കിട്ടെടുത്തു. സ്വർണ്ണമായും മറ്റും പല വഴിക്കും ഈ തുക കൈമാറുകയും ചെയ്തു.

കേസ് അന്വേഷണത്തിലാകട്ടെ രണ്ട് സംഘങ്ങൾ മാറി വന്നു. സംഭവമുണ്ടായി രണ്ട് മാസം പിന്നിടുമ്പോഴും കവർച്ചാ പണം മുഴുവനായി കണ്ടെത്തുക എന്നത് ഇപ്പോഴും അന്വേഷണ സംഘത്തിന് വെല്ലുവിളി യായി തുടരുകയാണ്. അതിനിടയിലാണ് കേസ് അന്വേഷണത്തിനുള്ള അനുമതി ഡൽഹിയിൽ നിന്നും ഇ.ഡി കൊച്ചി യൂണിറ്റിന് നൽകിയിരിക്കുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് നൽകിയ ശേഷം ഇ.ഡി അന്വേഷണം തുടങ്ങും. ഇതിനായി ഡെപ്യൂട്ടി ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയെന്നാണ് വിവരം.

Comments (0)
Add Comment