തിരുവനന്തപുരം: ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തിക്കുണ്ടായിരിക്കുന്ന തടസം മറികടക്കുന്നതിനു അടിയന്തിര നടപടികള്‍ വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമസഭയില്‍ സബ്മിഷനിലൂടെയാണ് പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചത്. നമുക്ക് ജാതിയില്ലാ വിളംബര സ്മാരക മ്യൂസിയത്തിന്‍റേയും, ശിവഗിരി തീര്‍ത്ഥാന ആഡിറ്റോറിയത്തിന്‍റേയും നിര്‍മ്മാണമാണ് പ്രധാമായും മുടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയാണ് ഇതിന്‍റെ ശിലാസ്ഥാപനം നടത്തിയത്. സാംസ്‌കാരിക വകുപ്പില്‍ നിന്നും 5 കോടി രൂപയും ഇതിനായി അനുവദിച്ചിരുന്നു.
ശിവഗിരി മഠം വക ബ്ലോക്ക് നമ്പര്‍ 187 ല്‍ റീസര്‍വ്വേ നമ്പര്‍ 91 ല്‍ ഉള്‍പ്പെട്ട സ്ഥലത്താണ് സ്മാരക മ്യൂസിയത്തിന്‍റെ നിര്‍മ്മാണം നിശ്ചയിച്ചിട്ടുള്ളത്. നിര്‍മ്മാണത്തിനുള്ള പെര്‍മിറ്റിനായി ശിവഗിരി മഠം അധികൃതര്‍ അപേക്ഷ നല്‍കിയിട്ട് 1 വര്‍ഷം പിന്നിടുന്നു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് നിര്‍ദ്ദിഷ്ട മ്യൂസിയം നിര്‍മ്മാണത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലവുമായി ബന്ധപ്പെട്ട് മറ്റ് യാതൊരുവിധ പ്രശ്നങ്ങളും, തടസ്സങ്ങളും നിലവിലെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട് പ്രതിസന്ധി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്ത സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.
അതുപോലെ ശിവഗിരിമഠത്തിലെ തീര്‍ത്ഥാടന ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടും തടസങ്ങള്‍ ഉയര്‍ന്ന് വന്നിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ശിവഗിരിയുടെ ഉടമസ്ഥതയിലുള്ള മുന്‍സര്‍വ്വേനമ്പര്‍ 193/39,42 ല്‍ ഉള്‍പ്പെട്ടതും, ശിവഗിരി കുന്നിന്റെ താഴ്വരയില്‍ ടിഎസ് കനാലിന് ഏകദേശം സമാന്തരമായി മഴവെള്ളം ഒഴുകിപോകുന്നതിനുള്ള തോട് ഉള്‍പ്പെടെയുള്ള ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തിനും, ശിവഗിരിയിലെ മറ്റ് യോഗങ്ങള്‍ക്കും മറ്റുമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള സാഹചര്യത്തില്‍ ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള തടസ്സവാദങ്ങള്‍ക്കും, എതിരഭിപ്രായങ്ങള്‍ക്കും എന്തെങ്കിലും സാംഗത്യമുള്ളതായി കാണാന്‍ കഴിയില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി തീര്‍ത്ഥാടനത്തിന്റെ വ്യാപ്തിയും, ജനബാഹുല്യവും കണക്കിലെടുത്ത് ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള വലിയ താല്‍ക്കാലിക പന്തല്‍ തയ്യാറാക്കിയിരുന്ന ശിവഗിരി കുന്നിനോട് ചേര്‍ന്ന് തോടിന് സമീപത്തുള്ള സര്‍വ്വേ നമ്പര്‍ 192/25 എന്ന റവന്യൂ ഭൂമിയും ശിവഗിരി മഠത്തിന് മുന്‍പ് പതിച്ചു നല്‍കിയിരുന്നു. ഒരു സ്ഥിരം തീര്‍ത്ഥാടന ഓഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണത്തിനായി ശിവഗിരി മഠം അധികൃതര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ അനുകൂലതീരുമാനം ലഭിക്കാത്തതിനാല്‍ സ്ഥിരം ഓഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണ്.
ഇക്കാര്യത്തില്‍ ശ്രീനാരയണീയ സമൂഹത്തിനും, വിശ്വാസികള്‍ക്കും ശക്തമായ പ്രതിഷേധമുണ്ട്. വര്‍ഷം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശിവഗിരിമഠത്തിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കണം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാങ്കേതിക- നിര്‍വ്വഹണ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് മറികടക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഉചിതമായ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. മേല്‍ സൂചിപ്പിച്ച രണ്ട് പ്രോജക്ടുകളും സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ തന്നെ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.