കൊവിഡ്: മുംബൈയിലെ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങളില്‍ അടിയന്തര ഇടപെല്‍ വേണം; കെ.സുധാകരൻ എം.പി മഹാരാഷ്ട്ര സർക്കാരുമായി ബന്ധപ്പെട്ടു

മുംബൈയിലെ ബാട്യ ഹോസ്പിറ്റലിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത് മൂലം ആശങ്കയിലായ മലയാളി നഴ്സുമാരുടെ പ്രശ്നങ്ങൾ കെ.സുധാകരൻ എം.പി മഹാരാഷ്ട്ര സർക്കാർ അധികൃതരുമായി ബന്ധപ്പെട്ട് സംസാരിച്ചു. ബാട്യ ഹോസ്പിറ്റലിൽ കഴിഞ്ഞദിവസം മൂന്ന് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിനുശേഷം ആ ഹോസ്പിറ്റലിൽ രോഗികളുമായി സമ്പർക്കം പുലർത്തിയ പതിനാല് സ്റ്റാഫുകൾക്കും രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിൽ നാല് പേർ കേരളത്തിൽ നിന്നുള്ളവരാണ്.

രോഗം സ്ഥിരീകരിച്ച രോഗികളിൽ ഒരാൾ കഴിഞ്ഞ ദിവസം വരെ നോൺ കൊറോണ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു. ഈ രോഗിയുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരും, നഴ്സുമാരും മറ്റ് പരാമെഡിക്കൽ ജീവനക്കാർ ഉൾപ്പെടെയുള്ളവരും യാതൊരു വിധത്തിലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണണങ്ങളും ധരിച്ചിരുന്നില്ല. തുടർന്നാണ് ഹോസ്പിറ്റലിലെ 14 അംഗങ്ങൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

നിലവിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ ഈ ഹോസ്പിറ്റലിന്‍റെ പ്രധാന കവാടം അടയ്ക്കുകയും ഹോസ്പിറ്റലിലുള്ള 30 നഴ്സുമാരെയും ചികിത്സയിലായിരിക്കുന്ന രോഗികളെയും അകത്ത് തന്നെ നിലനിർത്തി കൊണ്ട് ഹോസ്പിറ്റലിലെ ഗെയ്റ്റ് അടക്കുന്ന സമീപനമാണ് സ്വീകരിച്ചത്.

ഈ ആശുപത്രിയിലുള്ള 30 നഴ്സുമാരെയും ചികിത്സയിലുള്ള രോഗികളെയും അകത്ത് തന്നെ നിലനിർത്തിക്കൊണ്ട് ഐ.പി സൗകര്യം റദ്ദാക്കുകയും ചെയ്തു. നിലവിൽ ആശുപത്രിയിൽ ഉളള നഴ്സുമാർക്കോ മറ്റ് രോഗികൾക്കോ യാതൊരുവിധ ക്വാറന്‍റൈന്‍ കെയറും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നില്ല. നിലവിൽ അൻപതോളം ഓഫ് ഡ്യൂട്ടിയിലുള്ള നഴ്സുമാർ സമീപപ്രദേശങ്ങളിലെ ഹോസ്റ്റലുകളിൽ താമസിച്ച് വരികയാണ്. ഇവർക്കും സമീപവാസികളിൽ നിന്നുള്ള ബുദ്ധിമുട്ടുകളും നേരിട്ട് വരികയാണ്.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ക്വാറന്‍റൈന്‍ സൗകര്യങ്ങൾ ഇവർക്ക് നൽകണമെന്നും കൊറോണ ബാധ സ്ഥിരീകരിച്ചവർക്ക് രോഗം സുഖപ്പെടുന്നത് വരെ എറ്റവും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കണമെന്നും കെ.സുധാകരൻ എം.പി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഓഫീസുമായും സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും കത്ത് നൽകുകയും ചെയ്തു.

Comments (0)
Add Comment