ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ സ്ഥലംമാറ്റി; പ്രതികാരനടപടിയെന്ന് കന്യാസ്ത്രീകള്‍

Jaihind Webdesk
Wednesday, January 16, 2019

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ സമരം നടത്തിയ 4 കന്യാസ്ത്രീകളെ കുറിവിലങ്ങാട് മഠത്തിൽ നിന്ന് സ്ഥലം മാറ്റി. 3 പേരെ കേരളത്തിന് പുറത്തേക്കാണ് മാറ്റിയിരിക്കുന്നത്.

ബിഷപ്പിനെതിരായ സമരത്തിന് മുൻനിരയിൽ നിന്ന സിസ്റ്റർ അനുപമയെ പഞ്ചാബിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സിസ്റ്റർ ജോസഫൈന് ജാർഖണ്ഡിലും സിസ്റ്റർ ആൽഫിക്ക് ബിഹാറിലേക്കും സ്ഥലം മാറ്റ ഉത്തരവ് നൽകിയിട്ടുണ്ട്. സിസ്റ്റർ ആൻസിറ്റക്ക് കണ്ണൂർ ജില്ലയിലെ പരിയാരത്താണ് നിയമനം.

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽ തന്നെ തുടരും. സമരത്തിലുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രി സിസ്റ്റർ നീന റോസും തത്ക്കാലം കുറുവിലങ്ങാടുണ്ടാകുമെങ്കിലും സ്ഥലം മാറ്റുമെന്ന് സൂചന ലഭിച്ചിട്ടുണ്ട്.

കന്യാസ്ത്രീകളുടെ സന്യാസ സഭയായ മിഷനറീസ് ഓഫ് ജീസസ് മദർ ജനറൽ സിസ്റ്റർ റജീനയുടേതാണ് ഉത്തരവ്. പരസ്യ സമരത്തിനിറങ്ങിയത് സഭാ ചട്ടങ്ങളുടെ ലംഘനമാണെന്ന് ഉത്തരവിൽ പറയുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ചട്ടങ്ങൾ പാലിക്കാത്തതിലുള്ള ശിക്ഷാനടപടികളുടെ ഭാഗമാണ് സ്ഥലം മാറ്റമെന്ന് വ്യക്തമാക്കുകയാണ് സഭ. ബിഷപ്പിനെതിരായ കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെ കന്യാസ്ത്രീകളെ മാറ്റിയ നടപടി വിവാദമായിട്ടുണ്ട്.

അതേസമയം സ്ഥലംമാറ്റം പ്രതികാരനടപടിയാണെന്ന് കന്യാസ്ത്രീകൾ പ്രതികരിച്ചു. തങ്ങളെ സംരക്ഷിക്കേണ്ട സഭതന്നെ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇരയായ കന്യാസ്ത്രീക്കൊപ്പം ഉറച്ചുനിൽക്കുമെന്നും മഠം വിട്ട് എങ്ങോട്ടും പോകില്ലെന്നും സിസ്റ്റർ അനുപമ പറഞ്ഞു.[yop_poll id=2]