ജലന്തർ രൂപതയിൽ ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണോ ഇപ്പോഴും അധികാരിയെന്ന് സംശയമുണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. പി.ആർ.ഒ പീറ്റർ കാവുംപുറത്തിന്റെ കത്തിനെ അംഗീകരിക്കുന്നില്ല. അഡ്മിനിസ്ട്രേറ്റർക്കും തീരുമാനങ്ങളെടുക്കാൻ അധികാരമുണ്ട്. സർക്കാർ ഇതുവരെ യാതൊരു സഹായ നടപടിയും സ്വീകരിച്ചില്ലെന്നും സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു.
മദർ ജനറാളിനാണ് അധികാരം എങ്കിലും അഡ്മിനിസ്ട്രേറ്റർക്കും തീരുമാനങ്ങളെടുക്കാൻ അവകാശമുണ്ട്. ജലന്തർ രൂപതാ പി.ആർ.ഒ ഫാദർ പീറ്റർ കാവുംപുറത്തിന്റെ കത്തിനെ അംഗീകരിക്കുന്നില്ലെന്ന് കന്യാസ്ത്രീകൾ അറിയിച്ചു. മഠത്തിൽ തുടരാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.
മഠത്തിൽ തുടരാൻ രൂപതാ അഡ്മിനിസ്ട്രേറ്റർ ആഗ്നലോ അനുവദിച്ചെന്ന് കന്യാസ്ത്രീകൾ അറിയിച്ചതിന് പിന്നാലെയാണ് ഇവരുടെ സ്ഥലമാറ്റം റദ്ദാക്കിയിട്ടില്ലെന്ന പി.ആർ.ഒയുടെ പ്രതികരണമുണ്ടായത്. അതു കൊണ്ടു തന്നെ ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയാണോ അധികാരിയെന്ന് സംശയമുണ്ടെന്നും കന്യാസ്ത്രീകൾ പറഞ്ഞു. അതേസമയം സർക്കാർ ഇതുവരെ സഹായിച്ചില്ലെന്നും തങ്ങൾക്ക് മറ്റ് മാർഗങ്ങൾ ഇല്ലാത്തതിനാൽ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും സിസ്റ്റർ അനുപമ പറഞ്ഞു.