ഡൽഹി സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ NSUIയ്ക്ക് വിജയം; എബിവിപിക്ക് വന്‍ തിരിച്ചടി

 

ന്യൂഡൽഹി: ഡൽഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എൻഎസ്‌യുഐക്ക് വിജയം. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി എന്നീ സീറ്റുകളിൽ എൻഎസ്‌യുഐ വിജയിച്ചു. ഏഴുവര്‍ഷത്തിന് ശേഷമാണ് എൻഎസ്‌യുഐക്ക് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുന്നത്.

അതേസമയം തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വന്‍ തിരിച്ചടി. കോടതി തിരഞ്ഞെടുപ്പ് ഫലം തടഞ്ഞുവച്ചതിനെ തുടർന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലപ്രഖ്യാപനം നടത്തിയത്.  പ്രസിഡന്‍റ്, ജോയിന്‍റ് സെക്രട്ടറി സ്ഥാനങ്ങളാണ് എബിവിപിയിൽനിന്ന് എൻഎസ്‌യുഐ പിടിച്ചെടുത്തത്. വൈസ് പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങളിൽ മാത്രമായി എബിവിപിയുടെ വിജയം ഒതുങ്ങി. നേരത്തെ മൂന്നു സീറ്റുകളുമായി എബിവിപിയായിരുന്നു സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഭരിച്ചിരുന്നത്.

നാലു സ്ഥാനത്തേക്ക് 21 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് എട്ടുപേരും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഞ്ച് പേരും സെക്രട്ടറി, ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നാലുപേര്‍ വീതവുമായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നത്.

റൗണക് ഖത്രി പ്രസിഡന്‍റായും വൈസ് പ്രസിഡന്‍റായി ഭാനുപ്രതാപ് സിങും തിരഞ്ഞെടുക്കപ്പെട്ടു. 1300 വോട്ടുകള്‍ക്കാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ വിജയം. സെക്രട്ടറിയായി മിത്രവിന്ദ കരണ്‍വാളും ജോയിന്‍റ് സെക്രട്ടറിയായി ലോകേഷ് ചൗധരിയും നേടിയിരുന്നു. 2017ല്‍ എൻഎസ്‌യുഐയുടെ റോക്കി തൂസീഡ് ആണ് അവസാനമായി പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്.

എബിവിപി, എൻഎസ്‌യുഐ , ഐസ, എസ്‌എഫ്‌ഐ തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളുടെ സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഹൈക്കോടതി തടഞ്ഞുവച്ചതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീണ്ടത്.  അതേസമയം കനത്ത സുരക്ഷയിലായിരുന്നു ക്യംപസിലെ വോട്ടെണ്ണൽ. ഫലം വന്നതിന് ശേഷമുള്ള ആഘോഷപരിപാടികൾക്കും ക്യാംപസിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

Comments (0)
Add Comment