ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് : കേരളസാഹിത്യഅക്കാദമിയോട് എൻഎസ്എസ്

Jaihind Webdesk
Thursday, February 7, 2019

Kerala-Sahitya-Academy-Mannath-Padmanabhan

ആദരിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന് കേരളസാഹിത്യഅക്കാദമിയോട് എൻഎസ്എസ്. കേരള സാഹിത്യ അക്കാദമിയുടെ ‘കേരളം ഓർമ്മ സൂചിക 2019’ എന്ന പേരിൽ പുറത്തിറക്കിയ ഡയറിയിൽ നവോത്ഥാന നായകരുടെ പട്ടികയിൽ നിന്നും മന്നത്ത് പത്മനാഭന്റെ ചിത്രം ഒഴിവാക്കിയതിൽ എൻഎസ്എസ് പ്രതിഷേധമറിയിച്ചു. ഇത്തരത്തിൽ അപമാനിക്കാൻ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണെന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.

കേരളസാഹിത്യഅക്കാദമിയുടെ ഡയറിയിൽ നിന്നും നവോത്ഥാന നായകരുടെ പട്ടികയിൽ മന്നത്ത് പത്മനാഭന് അർഹമായ സ്ഥാനം നൽകിയിട്ടില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ സംഘാടകരുടെ ബോധപൂർവ്വമായ നടപടിയാണ് ഇതിനു പിന്നിലുള്ളതെന്ന് മനസ്സിലാക്കിത്തന്നെയാണ് പ്രതികരിക്കാതിരുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. സംഭവത്തിൽ ആദ്യം പ്രതികരിക്കാതിരുന്ന എൻഎസ്എസ് അക്കാദമി സെക്രട്ടറിയുടെ വിശദീകരണം വന്നശേഷമാണ് ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയത്. മന്നത്ത് പത്മനാഭനെ ഒഴിവാക്കിയത് അല്ലെന്നും മുഴുവൻ നവോത്ഥാന നായകരെയും ചേർത്തുള്ള സമഗ്ര വിവരം എന്ന നിലയ്ക്കല്ല രണ്ടുപേജ് ഉൾപ്പെടുത്തിയതെന്നു മായിരുന്നു അക്കാദമി സെക്രട്ടറിയുടെ വിശദീകരണം.

ഇതിനുപിന്നാലെയാണ് എൻഎസ്എസ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. ചരിത്രപുരുഷനായ മന്നത്തു പത്മനാഭനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ വിശദീകരണം. അദ്ദേഹം ആരാണെന്നും ഈ നാടിനും ജനങ്ങൾക്കും വേണ്ടി ചെയ്തിട്ടുള്ള സേവനങ്ങൾ എന്താണെന്നും എല്ലാവർക്കുമറിയാം. മന്നത്ത് പത്മനാഭനെ അപമാനിക്കാൻ ശ്രമിച്ചത് അക്ഷന്തവ്യമായ തെറ്റാണ്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് എന്നും സുകുമാരൻ നായർ പ്രസ്താവനയിൽ പറയുന്നു.