ശബരിമല വിഷയത്തോടെ സര്‍ക്കാര്‍ സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിച്ചു; പിണറായിക്ക് മറുപടിയുമായി എന്‍.എസ്.എസ്

Jaihind Webdesk
Saturday, November 2, 2019

മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി എന്‍.എസ്.എസ് രംഗത്ത്. കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാന്‍ അവര്‍ അസാധുവാകും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരുദ്ദേശപരം ആണെന്ന് കരുതിയാല്‍ തെറ്റുപറയാനാവില്ലെന്ന് എന്‍.എസ്.എസ് പ്രസ്താവനയില്‍ പറഞ്ഞു. ശബരിമല വിഷയത്തോട് അനുബന്ധിച്ചാണ് സര്‍ക്കാര്‍ നവോത്ഥാനം ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത്. ഇതേ തുടര്‍ന്നാണ് ഇതുവരെ ഇല്ലാത്ത തരത്തില്‍ സവര്‍ണ്ണ അവര്‍ണ്ണ ചേരിതിരിവും മുന്നോക്ക പിന്നോക്ക വിഭാഗ വിഭാഗീയതയും ജാതി തിരിവും ഉണ്ടായത്. ഇനിയും ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഉള്ളതാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

നവോത്ഥാന മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് സമുദായ പുരോഗതിയിലൂടെ സമൂഹത്തിനും നാടിനും നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന സംഘടനകള്‍ക്കെതിരെ ജനങ്ങളുടെ വോട്ടു വാങ്ങി അധികാരത്തിലേറിയ മുഖ്യമന്ത്രി ഉപദേശരൂപേണ ഇത്ര വില കുറഞ്ഞ രീതിയില്‍ പ്രതികരിക്കാന്‍ തയ്യാറായത് അവിവേകം ആണെന്നും
എന്‍എസ്എസിനെ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കില്‍ തികഞ്ഞ അവഗണന യോടു കൂടി അതിനെ തള്ളിക്കളയുന്നുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.