സ്പീക്കറുടെ പരാമർശത്തില്‍ പ്രതിഷേധം കടുപ്പിച്ച് എന്‍എസ്എസ്; നാമജപ യാത്ര നടത്തി വിശ്വാസി സമൂഹം

 

തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം ശക്തമാക്കി എന്‍എസ്എസ്. സംസ്ഥാന വ്യാപകമായി വിശ്വാസ സംരക്ഷണ ദിനമാചരിച്ച എന്‍എസ്എസ് നൂറുകണക്കിന് വിശ്വാസികളെ അണിനിരത്തി തലസ്ഥാനത്ത് നാമജപയാത്ര സംഘടിപ്പിച്ചു. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ഗണപതി ക്ഷേത്രം വരെയാണ് വിശ്വാസ സംരക്ഷണത്തിനായി നൂറുകണക്കിന് വിശ്വാസികൾ പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയത്.

ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കർ എ.എൻ ഷംസീർ നടത്തിയ പരാമർശം പിൻവലിച്ച്  മാപ്പു പറയണമെന്നും അല്ലാത്തപക്ഷം സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിശ്വാസി സമൂഹം ഒന്നടങ്കം തെരുവിലിറങ്ങിയത്. ഗണേശ സ്തോത്രങ്ങളും സ്തുതി ഗീതങ്ങളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് നാമജപയാത്രയിൽ അണിനിരന്നത്. എൻഎസ്എസിന്‍റെ തലസ്ഥാനത്തെ 177 കരയോഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നാമജപ യാത്രയിൽ പങ്കാളികളായി.

പാളയം ഗണപതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച നാമജപ യാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലാണ് സമാപിച്ചത്. തുടർന്ന് നടന്ന വിശ്വാസ സംഗമം എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്‍റ് സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. വിശ്വാസി സമൂഹത്തെ മുറിവേൽപ്പിച്ച പരാമർശം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവർ നിലപാടെടുത്തതോടെ വരും ദിവസങ്ങളിലും പ്രതിഷേധങ്ങൾ സംസ്ഥാനത്ത് അലയടിക്കും. ശബരിമല സ്ത്രീപ്രവേശന പ്രതിഷേധങ്ങൾക്ക് സമാനമായ രീതിയിൽ വിശ്വാസി സമൂഹത്തിന്‍റെ പ്രതിഷേധങ്ങൾ കേരളത്തിൽ വീണ്ടും ഉയരുകയാണ്.

Comments (0)
Add Comment