സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജി സുകുമാരന്‍ നായര്‍; ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസിന് ശരിദൂരം

Jaihind News Bureau
Tuesday, October 8, 2019

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻ.എസ്.എസ്.  നവോഥാനത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയ നേട്ടത്തിനായി പിണറായി സർക്കാർ ജനങ്ങളിൽ സവർണ – അവർണ ചേരിതിരിവ് ഉണ്ടാക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി  സുകുമാരൻ നായർ പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തു നിന്ന് വിശ്വാസം സംരക്ഷിക്കുന്നതിനു അത്മാ ർത്ഥമായ യാതൊരു നടപടിയും  ഉണ്ടാകുന്നില്ല.സംസ്ഥാന സർക്കാരിന്‍റെ അവഗണിക്കും, ഈശ്വര വിശ്വാസവും ആചാരനുഷ്ടാങ്ങളും സംരക്ഷിക്കുന്നതിനും  ഉപതെരഞ്ഞെടുപ്പിൽ എൻ.എസ്. എസിന് ശരിദൂരം കണ്ടെത്തേണ്ടത് അനിവാര്യമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

സവർണനും അവർണനുമെന്ന വേർതിരിവ് മുൻപ് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. സവർണ-അവർണ ചിന്ത മനുഷ്യരുടെ മനസ്സിൽ നിന്ന് എന്നന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നോക്ക – പിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി പോലും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.  കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് യഥാർഥത്തിൽ ഈ സർക്കാരിന്‍റെ തലപ്പത്തിരിക്കുന്നവർ ഇതിലൂടെ ചെയ്യുന്നത് അദ്ദേഹം ചങ്ങനാശ്ശേരിയില്‍ പറഞ്ഞു.

മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഈ സർക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്.

ഈ വിഷയം വളരെ ഗൗരവത്തിൽ എൻ.എസ്.എസ് ഉന്നയിച്ചിട്ടും അത് പരിഗണിക്കാൻ പിണറായി സർക്കാർ തയ്യാറായില്ല. അതേസമയം ഒന്ന് തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന് ക്യാബിനറ്റ് അവിടെ കൂടി അവർ ചോദിക്കുന്നതെല്ലാം അനുവദിച്ച് കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ ആരോപിച്ചു.

എന്നാൽ നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനു ശരിദൂരം കണ്ടെത്തുമന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വ്യക്തമാക്കുന്നു. സമദൂര നിലപാടിൽ നിന്നും മാറി ശരിദൂര നിലപാടിലേക്ക് എൻ.എസ് എസ് എത്തുമ്പോൾ അത് ബി.ജെ.പിക്കും സി.പി.എ മ്മിനും ഒരു പോലെ തിരിച്ചടിയാവുകയാണ്. എൻ.എസ് എസിന് രാഷ്ട്രീയമില്ല ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.