ശബരിമല: മുഖ്യമന്ത്രി പിണറായി വിജയന് എൻ.എസ്.എസിന്‍റെ രൂക്ഷവിമർശനം

ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻ.എസ്.എസിന്‍റെ രൂക്ഷവിമർശനം. കപടമതേതരവാദം മനസിൽ വച്ചുകൊണ്ട്, നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കമാണ് സംസ്ഥാനസർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന സത്യം ശബരിമലവിഷയത്തോടുകൂടി പുറത്തുവന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻനായർ. നിരീശ്വരവാദം അടിച്ചേല്‍പിക്കാനുള്ള നീക്കത്തിന് തിരികൊളുത്തിയിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ്. 105-ാമത് വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടന വേദിയിലായിരുന്നു സർക്കാരിനെതിരെ എൻ.എസ്.എസ് നേതൃത്വം വിമർശനം അഴിച്ചുവിട്ടത്. ദേവസ്വംബോർഡിനെ ചട്ടുകമാക്കി വിശ്വാസങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമം.

ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം പ്രതിഷേധവുമായി എത്തിയപ്പോൾ സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ അനാചാരങ്ങൾക്കെതിരെ പടപൊരുതിയ ചരിത്രവുമായി ചിലർ രംഗത്തുവന്നു. അനാചാരങ്ങൾ തുടച്ചു നീക്കുന്നതനായിരുന്നു മന്നത്ത് മുന്നിട്ടറങ്ങിയത്. ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചു കൊണ്ടാണ് മന്നത്ത് പത്മനാഭന്‍റെ എല്ലാ പ്രവർത്തനങ്ങളും. ആചാരങ്ങൾ സംരക്ഷിക്കുന്നതിന് നാമം ജപിച്ചു കൊണ്ടുള്ള സഹനസമരമാണ് എൻ.എസ്.എസ് സ്വീകരിച്ചത്. അതിലൂടെ കേരളത്തിൽ മതസൗഹാർദത്തിന് കളമൊരുങ്ങി. ഇത് തകർക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സുപ്രീം കോടതിയുടെ എത്രയോ വിധികൾ നടപ്പാക്കാൻ കാണിക്കാത്ത തിടുക്കമാണ് ശബരിമലവിഷയത്തിൽ കാണിച്ചത്. നിരീശ്വരവാദികളും ശബരിമലയുടെ പ്രശസ്തിയും വിശുദ്ധിയും ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നവരുമായ കപടഭക്തരെ ഇത്രയും പോലീസ് സന്നാഹത്തോടുകൂടി സന്നിധാനത്ത് എത്തിക്കാൻ സർക്കാർ കാണിച്ച വ്യഗ്രത കപടമതേതരത്വത്തിന് തെളിവാണ്. ദേവസ്വം ബോർഡിനെ ചട്ടുകമാക്കി വിശ്വാസങ്ങളെ തകർക്കാനാണ് സർക്കാരിന്‍റെ ശ്രമം. സർക്കാരിൽനിന്ന് ആനുകൂല്യം കൈപ്പറ്റിയവരാണു ‘വേണ്ടണം, വേണ്ടണം’ എന്ന നിലപാടെടുക്കുന്നത്. സമാധാനപരമായി നാമം ജപിച്ച് പ്രതിഷേധിക്കുന്ന ഭക്തജനങ്ങളോട് പോലീസ് നീചവും നിന്ദ്യവുമായ സമീപനമാണ് സ്വീകരിച്ചത്. വിശ്വാസവും ആചാരവും അനുഷ്ഠാനങ്ങളും സംരക്ഷിക്കുവാൻ വേണ്ടി തന്ത്രികുടുംബവും രാജകുടുംബവും മറ്റു ഹൈന്ദവസംഘടനകളും ഈശ്വര വിശ്വാസികളും ഒരുമിച്ചുനിന്നതുകൊണ്ടുാണ് സർക്കാരിന്‍റെയും ദേവസ്വം ബോർഡിന്‍റെയും തെറ്റായ ഈ നീക്കത്തിന് തടയിടാൻ കഴിയുന്നതെന്നും ജനറൽ സെക്രട്ടറി വ്യക്തമാക്കി.

വിജയദശമി സന്ദേശത്തിൽ നിന്ന്:-

നാം ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്‌നം ശബരിമലക്ഷേത്രത്തിലെ യുവതീ പ്രവേശം സംബന്ധിച്ചുള്ളതാണ്. ഈ കേസിന്‍റെ ഉത്ഭവം മുതൽക്കുതന്നെ എൻ.എസ്.എസ്. കക്ഷിചേർന്ന് ശബരിമലയിൽ നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കുതിനുവേണ്ടി സുപ്രീംകോടതിയിൽ നിയമയുദ്ധം നടത്തിവരുകയാണ്. പന്ത്രണ്ടുവർഷങ്ങൾക്കുശേഷമാണ് ശബരിമലയിൽ പ്രായഭേദമെന്യെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിവിധി ഇപ്പോൾ ഉണ്ടായത്. ഇതിനെതിരെയും എൻ.എസ്.എസ് റിവ്യൂ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്.

സ്ത്രീകൾക്ക് പൊതുവെ അനുകൂലമാണ് ഈ വിധി എങ്കിലും, തങ്ങൾക്ക് ആവശ്യം ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ സംരക്ഷണമാണ് എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനവ്യാപകമായി ലക്ഷക്കണക്കിന് സ്ത്രീകളടക്കം വിശ്വാസികളുടേതായ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും സർക്കാരും ദേവസ്വം ബോർഡും അത് കണ്ടതായി ഭാവിച്ചില്ല.

റിവ്യൂ ഹർജി ഫയൽ ചെയ്യുതിനോ കോടതിവിധി നടപ്പാക്കാൻ കാലതാമസം തേടുന്നതിനോ സംസ്ഥാനസർക്കാരോ തിരുവിതാംകൂർ ദേവസ്വംബോർഡോ തയാറായില്ല. മറിച്ച്, ബന്ധപ്പെട്ടവരുടെയോ വിശ്വാസിസമൂഹത്തിന്‍റെയോ വികാരം കണക്കിലെടുക്കാതെ വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിക്കുകയാണ് സർക്കാരും ദേവസ്വം ബോർഡും ചെയ്തത്.

നിരീശ്വരവാദം പ്രോത്സാഹിപ്പിക്കുതിന്‍റെ ഭാഗമായിട്ടു മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഈ സാഹചര്യത്തിൽ, ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസവും നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികളോടൊപ്പം എൻ.എസ്.എസ്. സമാധാനപരമായ പ്രതിഷേധവുമായി അണിചേർന്നിരിക്കുകയാണ്. രാഷ്ട്രീയത്തിന്‍റെ പേരുപറഞ്ഞും സവർണ-അവർണമുദ്ര കുത്തിയും ഈ സംരംഭത്തെ തടയാൻ സർക്കാരും ചില സംഘടനകളും ശ്രമിക്കുന്നുണ്ട്. അത് വിലപ്പോവില്ല. എന്തുവന്നാലും എൻ.എസ്.എസ്. ഇക്കാര്യത്തിൽ എടുത്തനിലപാടിൽ ഉറച്ചുതന്നെ നിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സമുദായാചാര്യൻ ശ്രീ മന്നത്ത് പത്മനാഭൻ, അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ഉച്ചനീചത്വങ്ങൾക്കും എതിരെ പടപൊരുതിയ സാമൂഹികപരിഷ്‌കർത്താവാണ്. എന്നാൽ ഈശ്വരവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന് അദ്ദേഹം എന്നും ആഗ്രഹിച്ചിരുന്നു. മത-സമുദായികസൗഹാർദം നിലനില്‍ക്കണമെുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. അതിനെയാണ് നമ്മളും പിൻതുടരേണ്ടത്.

SabarimalaNSS
Comments (0)
Add Comment