പിള്ളയ്ക്കും കാനത്തിനുമെതിരെ ചുട്ടമറുപടിയുമായി NSS നേതൃത്വം; വനിതാ മതിലിനെതിരെയും വിമർശനം; NSS സമദൂരത്തിൽ തന്നെ

കേരള കോൺഗ്രസ് അധ്യക്ഷൻ ആർ. ബാലകൃഷ്ണപിള്ളയ്ക്കും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചുട്ട മറുപടിയുമായി എൻ.എസ്.എസ് നേതൃത്വം. പുറത്ത് നിന്ന് എതിർക്കുന്നവരെ അതേ നാണയത്തിൽ നേരിടാനും അകത്തു നിന്നുകൊണ്ട് വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനുള്ള ശക്തി സംഘടനയ്ക്കുണ്ടെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വ്യക്തമാക്കി. സർക്കാർ സന്നാഹങ്ങളും സകലവിധ സമ്മർദ്ദങ്ങളുമുപയോഗിച്ച് ഒരു മതിൽ പണിതാൽ അത് നവോത്ഥാനമാകുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു.

ആചാര സംരക്ഷണത്തിനായി വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ച എൻ.എസ്.എസ് സമദൂരം തെറ്റിച്ചുവെന്നും, ഇനിയും സമദൂരത്തെപ്പറ്റി പറയാൻ എന്തവകാശമാണ് എൻ.എസ്.എസിനുള്ളതെന്നും, ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്ക് സമദൂരത്തിൽ നിന്നു മാറാൻ അവകാശമില്ല എന്നുമുള്ള രൂക്ഷപ്രതികരണങ്ങളുമായി ഭരണപക്ഷത്തെ രണ്ട് പ്രബല കക്ഷികളുടെ നേതാക്കളും ഇപ്പോൾ ചേക്കേറിയ ഒരു നേതാവും രംഗത്തു വന്നിരിക്കുകയാണെന്നും എൻ.എസ്.എസ് നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഈ പരിപ്പൊന്നും എൻ.എസ്.എസിൽ വേവുകയില്ലെന്ന കാര്യം അവർ മനസിലാക്കണമെന്നും എൻ.എസ്.എസിന്‍റെ സംഘടനാ സംവിധാനവും അടിത്തറയും അത്ര കണ്ട് ശക്തമാെണന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. പുറത്ത് നിന്ന് എതിർക്കുന്നവരെ അതേ നാണയത്തിൽ നേരിടാനും അകത്തു നിന്നുകൊണ്ട് വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിനുള്ള ശക്തി സംഘടനയ്ക്കുണ്ട്. നാളിതുവരെയുള്ള എൻ.എസ്.എസിന്‍റെ ചിത്രം അതാണെന്ന് ഇക്കൂട്ടർ മനസിലാക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

സമദൂരത്തിന്‍റെ കാര്യത്തിലായാലും ആചാര സംരക്ഷണ കാര്യത്തിലായാലും എൻ.എസ്.എസ്. എടുത്തിട്ടുള്ള നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്നും ജനറൽ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കെതിരെ കേരള കോൺഗ്രസ് ബി ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും സി.പി .ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നിരുന്നു. എൻ.എസ്.എസിന്‍റെ സമദൂരനിലപാടു മാറ്റാനാകില്ലെന്നും സുകുമാരൻ നായർക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കിൽ സ്വന്തമായി ആവാമെന്നും ചട്ടമ്പിസ്വാമിയുടെയും മന്നത്തിന്‍റെയും കെ.കേളപ്പന്‍റെയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള പറഞ്ഞിരുന്നു. ഇടതുമുന്നണിയിൽ പ്രവേശനം ലഭിച്ചതിനു പിന്നാലെയാണു സുകുമാരൻ നായർക്കെതിരായ വിമർശനം. എൻ.എസ്.എസിന് ഇനി സമദൂരത്തെ പറ്റി പറയാനാകില്ലെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ വിമർശനം. ഇരുവർക്കും മറുപടി നൽകിയാണ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ പത്രക്കുറിപ്പ് പുറത്തു വന്നിട്ടുള്ളത്.

LDFg sukumaran nairNair Service Society (NSS)
Comments (0)
Add Comment