ശബരിമല വിഷയം: ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ കേന്ദ്ര- സംസ്ഥാന സർക്കാർ വിരുദ്ധ വികാരവുമായി പന്തളം കൊട്ടാരവും എൻഎസ്എസും

webdesk
Friday, March 29, 2019

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിലയുറപ്പിച്ച പന്തളം കൊട്ടാരവും എൻ.എസ്.എസും കേന്ദ്ര – സംസ്ഥാന സർക്കാർ നടപടികളിൽ പ്രകടിപ്പിക്കുന്നത് കടുത്ത അതൃപ്തി. യുവതികൾക്ക് ശബരിമല സന്നിധാനത്ത് ദർശനം നടത്താനുള്ള കോടതിവിധി തിടുക്കപ്പെട്ട് നടപ്പാക്കിയ സംസ്ഥാന സർക്കാരിനെയും വിധിക്കെതിരെ ഓർഡിനൻസോ ബില്ലോ കൊണ്ടുവരാൻ തയ്യാറാകാത്ത കേന്ദ്ര സർക്കാരിനെതിരെയുമാണ് ഇവരുടെ വികാരമുള്ളത്. രണ്ടിടത്തും കോൺഗ്രസ് ഭരണത്തിലില്ലെന്നതും ശ്രദ്ധേയമാണ്.

സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണി സർക്കാർ കേരളത്തിൽ അധികാര ദുർവിനിയോഗം നടത്തി കോടതി വിധി തിടുക്കപ്പെട്ട് നടപ്പാക്കാൻ സജീവമായി നീങ്ങിയെങ്കിൽ അധികാരം കൈയ്യിലുണ്ടായിട്ടും ബി.ജെ.പി ഇതിനെ നിയമപരമായി തടുക്കാൻ മുതിർന്നില്ലെന്ന ആരോപണമാണ് പന്തളം കൊട്ടാര പ്രതിനിധികൾക്കുള്ളത്. എല്ലാ രാഷ്ട്രീയകക്ഷികളോടും സമദൂര സമീപനം സ്വീകരിക്കുന്ന എൻ.എസ്.എസിന്‍റെ നിലപാടും അത്തരത്തിൽ തന്നെയെന്നാണ് രാഷ്ട്രീയ കേരളത്തിന്‍റെ വിലയിരുത്തൽ. പലയിടത്തും എൻ.എസ്.എസിന്‍റെ പിന്തുണ തങ്ങൾക്കാണെന്ന തരത്തിൽ ബി.ജെ.പിയും സംഘപരിവാർ നേതൃത്വവും പ്രചാരണം നടത്തുന്നുണ്ട്. എൻ.എസ്.എസിന്‍റെ യൂണിയൻ തലത്തിൽ ഇത്തരമൊരു നിർദ്ദേശം എത്തിയിട്ടുണ്ടെന്നും അതുകൊണ്ട് തങ്ങളുടെ സ്ഥാനാർത്ഥികളെ പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിപ്പിക്കണമെന്നുമാണ് സംഘപരിവാറും ബി.ജെ.പിയും നടത്തുന്ന കള്ളപ്രചാരണം. എന്നാൽ ഇത്തരം യാതൊരു നിലപാടും എൻ.എസ്.എസ് നേതൃത്വത്തിനില്ലെന്നതാണ് യാഥാർത്ഥ്യം.

ശബരിമല വിഷയം മുൻനിർത്തി ശബരിമല കർമ്മസമിതിയെ രംഗത്തിറക്കി ഈ പ്രചാരണത്തിന് ശക്തി പകരാനാണ് ആർ.എസ്.എസ് നേതൃത്വത്തിന്‍റെ തീരുമാനം. ശബരിമല വിഷയം മുൻനിർത്തി പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ബി.ജെ.പിക്ക് അനുകൂലമായി ഭൂരിപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് എൻ.എസ്.എസിനെയും പന്തളം കൊട്ടാരത്തെയും മറയാക്കി സംഘപരിവാർ ഇത്തരം നീക്കം സജീവമാക്കുന്നത്. നിരവധി തവണ കെ.സുരേന്ദ്രൻ അടക്കമുള്ള ബി.ജെ.പി സ്ഥാനാർത്ഥികൾ കൊട്ടാരത്തിലെത്തി പിന്തുണ തേടിയെങ്കിലും നിർണായക ഘട്ടത്തിൽ സഹായിക്കാതിരുന്ന ബി.ജെ.പിയുടെ കേന്ദ്രനേതൃത്വത്തോടും മോദി സർക്കാരിനോടുമുള്ള അമർഷം പന്തളം രാജകൊട്ടാര പ്രതിനിധി തുറന്നു പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.