ഖേദം ഏത് സാഹചര്യത്തിലെന്ന് അറിയാം ; പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോ ? ; കടകംപള്ളിയോട് എന്‍എസ്എസ്

 

കോട്ടയം : ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് എന്‍എസ്എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും എന്‍എസ്എസ് വാർത്താക്കുറിപ്പില്‍ പറഞ്ഞു. ഖേദം പ്രകടിപ്പിച്ചതുകൊണ്ടോ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്‌നം അവസാനിക്കുന്നില്ല. ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന്‌ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും പ്രസ്താവനയില്‍ പറയുന്നു.

വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവവികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണെന്നും എന്‍എസ്എസ്.

അതേസമയം,  യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളില്‍ വിഷമമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ യുവതീപ്രവേശനത്തിന് പിന്തുണ നല്‍കി വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും സംസ്ഥാനത്തെ കലാപഭൂമിയാക്കാന്‍ ശ്രമിക്കുകയും ചെയ്ത സർക്കാരിലെ ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തിലെ ആത്മാർത്ഥതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

വിവിധ വിഷയങ്ങളില്‍ പൊളളിയ സർക്കാരിന് വീണ്ടുമൊരു ശബരിമല പരീക്ഷണം കൂടി താങ്ങാനാവില്ല എന്നതാണ് മന്ത്രിയുടെ പ്രതികരണത്തിന് പിന്നില്‍. സ്ഥാനാർത്ഥി നിർണയം, സീറ്റ് വിഭജനം, സീറ്റ് കച്ചവടം തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇടതുമുന്നണിക്കുള്ളില്‍ ഉയർന്നിരിക്കുന്ന കലാപം നേതാക്കളെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമായിരുന്നു കടകംപള്ളി. ഇപ്പോള്‍ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയുള്ള കടകംപള്ളിയുടെ പ്രതികരണം കള്ളക്കരച്ചിലാണെന്നാണ് ഉയരുന്ന വിമർശനം.

Comments (0)
Add Comment