പെട്രോൾ, ഡീസൽ വില ജിഎസ്ടിയില്‍  ഉൾപ്പെടുത്തണം : എൻ എസ് നുസൂർ ധനകാര്യമന്ത്രിക്ക് കത്ത് നൽകി

Jaihind Webdesk
Saturday, May 29, 2021

പെട്രോൾ, ഡീസൽ വില  ജിഎസ്ടിയില്‍  ഉൾപ്പെടുത്തരുതെന്ന സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പട്ട്  യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിന്‌ കത്ത് നൽകി. കഴിഞ്ഞ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പെട്രോൾ, ഡീസൽ വില  ജിഎസ്ടിയിൽ ഉൾപ്പെടുത്തരുത് എന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്ത സാഹചര്യത്തിലാണ് നുസൂർ കത്തയച്ചത്. ഇന്ധന വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തതില്‍ എന്ത് നേട്ടമാണ് ജനങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന് അദ്ദേഹം കത്തില്‍ ചോദിക്കുന്നു. എന്നാല്‍ ജിഎസ്ടിയില്‍ ഇന്ധനവില ഉള്‍പ്പെടുത്തിയാല്‍ പകുതി വിലയ്ക്ക് പെട്രോള്‍ ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്നും നുസൂർ വ്യക്തമാക്കി.

കത്തിന്‍റെ പൂർണ്ണരൂപം.

ബഹുമാനപ്പെട്ട ധനമന്ത്രി,
പെട്രോൾ, ഡീസൽ വിലവർദ്ധനവ് സാധാരണപ്പെട്ട പൗരന് താങ്ങാവുന്നതിനും അപ്പുറമാണെന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ? ഇതിന് ഒരു പരിഹാരം ഉണ്ടാകേണ്ടതുണ്ട്. അയൽ രാജ്യങ്ങളിലെല്ലാം പെട്രോളിയം ഉത്പന്നങ്ങൾക്ക് വളരെ വിലക്കുറവാണ്. പക്ഷെ നമ്മുടെ രാജ്യത്തിന്റെ സ്ഥിതി നേരെ തിരിച്ചും.സംസ്ഥാനത്തിന്റെ പുതിയ ധനകാര്യമന്ത്രി ആയി അങ്ങ് ചുമതല ഏറ്റെടുക്കുമ്പോൾ നയങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. പക്ഷെ ഇന്നലെ GST കൗൺസിൽ യോഗത്തിൽ പെട്രോൾ, ഡീസൽ വില GST യിൽ ഉൾപ്പെടുത്തരുത് എന്ന് കേരളം നിലപാടെടുത്തപ്പോൾ അങ്ങും ജനദ്രോഹസമീപനമാണ് മുന്നോട്ട്കൊണ്ട് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് മനസിലായി. എന്ത് കൊണ്ടാണ് ഈ ഉൽപ്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തരുത് എന്ന് നിങ്ങൾ നിലപാട് സ്വീകരിച്ചത്? അതുകൊണ്ട് എനിക്കും എന്നെപ്പോലുള്ള സാധാരണ പൗരന്മാർക്കും എന്ത് നഷ്ടമാണ് സംഭവിക്കുന്നത് എന്ന് അറിയാൻ വളരെ താല്പര്യമുണ്ട്.കേന്ദ്ര ഗവർമെന്റിനോട് പെട്രോളിനും ഡീസലിനും വിലകുറക്കണമെന്ന് താങ്കളുടെ പാർട്ടിയും ആവശ്യപ്പെടുമ്പോൾ സ്വാഭാവികമായും GST യിൽ ഉൾപ്പെടുത്തിയിരുന്നങ്കിൽ പകുതി വിലയ്ക്ക് ഈ ഉൽപ്പന്നങ്ങൾ കിട്ടുമായിരുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം. ആയതിനാൽ ഈ തീരുമാനം മാറ്റി സാധാരണക്കാർക്ക് ഗുണകരമാകുന്ന തീരുമാനം കൈക്കൊള്ളണമെന്നും അല്ലാത്തപക്ഷം അതുകൊണ്ട് ഞങ്ങൾക്ക് ഉണ്ടാകാനിടയുള്ള നഷ്ടം എന്താണെന്ന് മാധ്യമങ്ങളിലൂടെ ബോധ്യപ്പെടുത്തണമെന്നും താല്പര്യപ്പെടുന്നു.