വിഴിഞ്ഞത്ത് മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി എന്‍.എസ് നുസൂര്‍

Jaihind News Bureau
Sunday, May 10, 2020

 

വിഴിഞ്ഞം മാലിന്യ സംസ്‌കരണ പ്ലാന്‍റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മുഖ്യമന്ത്രിയോട്  ചോദ്യങ്ങളുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍. പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന്റെ ആശങ്ക അകറ്റയേ മതിയാകൂ. സ്വാർത്ഥലാഭത്തിനു വേണ്ടി വിഴിഞ്ഞത്തെ മാലിന്യകൂമ്പാരമാക്കാനാണ് ഉദ്ദേശമെങ്കിൽ ഞങ്ങളുടെ ജീവരക്തത്തിൽ ചവിട്ടിയായിരിക്കും നിർദിഷ്ട പദ്ധതി നടപ്പിലാക്കാൻ കഴിയുകയെന്നും നുസൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി,

നിർദിഷ്ട വിഴിഞ്ഞം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ കുറിപ്പെഴുതുവാൻ പ്രേരിപ്പിക്കുന്നത്. 600 കോടി രൂപയുടെ വിദേശ സാങ്കേതിക വിദ്യയിൽ വിഴിഞ്ഞത്ത് അതിമനോഹരമായ മാലിന്യസംസ്കരണ പ്ലാന്റ് വരുന്നു. അനുദിനം കേരളത്തിൽ പെരുകുന്ന മാലിന്യങ്ങൾ ഏതൊരു ഉത്തരവാദിത്വമുള്ള ഭരണാധികാരികളെയും ആശങ്കപ്പെടുത്തുന്നത് സ്വാഭാവികം. അത് പരിഹരിക്കുവാനുള്ള താങ്കളുടെ ശ്രമങ്ങളെ ബഹുമാനപൂർവ്വം അഭിനന്ദിക്കുന്നു. എന്നാൽ മാലിന്യസംസ്കരണ പ്ലാന്റ് എന്ന് കേൾക്കുമ്പോൾ കേരള സമൂഹത്തിന്റെ, പ്രത്യേകിച്ച് തിരുവനന്തപുരം കാരന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിളപ്പിൽശാലയാണ്. മാലിന്യ സംസ്കരണ സംവിധാനങ്ങൾ അന്ധമായി എതിർക്കുവാനോ വികസനപദ്ധതികളെ സിപിഎം നെ പോലെ രാഷ്ട്രീയ താൽപര്യം നോക്കി എതിർക്കുവാനോ ഉത്തരവാദിത്വമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ എനിക്കോ എന്റെ സംഘടനയ്‌ക്കോ ആവില്ല. എന്നാൽ, പൊതു സമൂഹത്തിന്റെ ആശങ്കകൾ അകറ്റിയേ മതിയാകൂ. നാടിന് ദോഷം വിതറാത്ത സാങ്കേതികവിദ്യയും സംരംഭവുമാണ് എങ്കിൽ അത് നടപ്പിലാക്കുവാൻ എല്ലാ പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിലുണ്ടാകും. എന്നാൽ നാടിനെ അപകടത്തിലേക്ക് തള്ളിവിടുന്ന, സ്വാർത്ഥലാഭത്തിനു വേണ്ടി വിഴിഞ്ഞത്തെ മാലിന്യകൂമ്പാരമാക്കുവാനാണ് ഉദ്ദേശമെങ്കിൽ ഞങ്ങളുടെ ജീവരക്തത്തിൽ ചവിട്ടിയായിരിക്കും നിർദിഷ്ട പദ്ധതി നടപ്പിലാക്കാൻ കഴിയുക.

ഈ പറയുന്ന മാലിന്യ പ്ലാന്റിനെ സംബന്ധിച്ച് ചില സംശയങ്ങൾ താങ്കളോട് ചോദിക്കുവാൻ ആഗ്രഹിക്കുന്നു.

1. വിഴിഞ്ഞം മാലിന്യസംസ്കരണ പ്ലാന്റിൽ ഏതുതരം സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് ?

2. പ്രതിദിനം 300 ടൺ മാലിന്യം എന്ന് പറയുമ്പോൾ, ഏതൊക്കെ ജില്ലകളിൽ നിന്നുള്ള മാലിന്യങ്ങളാണ് കൊണ്ടുവരുന്നത് ? സംസ്ഥാനത്തിന് പുറത്തു നിന്നുള്ള മാലിന്യങ്ങൾ എത്തിക്കുന്നുണ്ടോ ? ഭാവിയിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മറ്റു വികസിത രാജ്യങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഈ പ്ലാന്റിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ ഉണ്ടോ ?

3. മാലിന്യം സംസ്കരിക്കപ്പെടുമ്പോൾ എന്തൊക്കെ ബൈ പ്രോഡക്ടുകൾ ആണ് ഉണ്ടാകുന്നത് ? അത്തരം ബൈ പ്രോഡക്ടുകൾ എന്ത് ചെയ്യും ? പ്രതിദിനം 300 ടൺ മാലിന്യം സംസ്കരിക്കപ്പെടുമ്പോൾ എത്ര ടൺ ബൈ പ്രോഡക്ടുകൾ ആണ് ഉണ്ടാവുക ?

4. മാലിന്യം സംസ്കരിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറപ്പെടുന്ന പുകയും മറ്റ് വാതകങ്ങളും എത്ര അളവിൽ പ്രതിദിനം വ്യാപിക്കും ?

5. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുവാൻ ഏത് തരം സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് ? പ്രസ്തുത സാങ്കേതികവിദ്യ ഏതെങ്കിലും രാജ്യങ്ങളിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ടോ ?

6. ടി മാലിന്യസംസ്കരണ പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്കരിക്കപ്പെടുന്നുണ്ടോ ? അങ്ങനെയെങ്കിൽ അവ ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാക്കില്ലേ ? മാലിന്യ സംസ്കരണ പ്ലാന്റിൽ പ്രതിദിനം 300 ടൺ മാലിന്യം കത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത് എങ്കിൽ, അത് അന്തരീക്ഷത്തിൽ ശക്തമായ താപവ്യതിയാനം ഉണ്ടാക്കില്ലേ ? പരിസ്ഥിതിയുടെ ബാലൻസിനെ അത് ഗുരുതരമായി ബാധിക്കില്ലേ ?

7. കേന്ദ്രീകൃത വൻകിട മാലിന്യസംസ്കരണ പദ്ധതികളെക്കാളും പ്രായോഗികവും ചിലവ് കുറവും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പ്ലാന്റുകൾക്കാണ് എന്നിരിക്കെ എന്തിനാണ് ഇത്തരം വൻകിട പദ്ധതികളുമായി മുന്നോട്ടു പോകുന്നത് ?

പൊതു ജനങ്ങളുടെ ആശങ്കകൾ അകറ്റിയും അവരുടെ അഭിപ്രായങ്ങൾ കേട്ടും നിർദിഷ്ട മാലിന്യ പ്ലാന്റിനെക്കുറിച്ച് ഉത്തരവാദിത്വമുള്ള ഭരണാധികാരി എന്ന നിലയിൽ താങ്കൾ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.