യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെയുള്ള പോലീസ് അതിക്രമം പ്രതിഷേധാർഹം: എൻ.എസ് നുസൂർ

Jaihind Webdesk
Monday, April 4, 2022

 

തിരുവനന്തപുരം : മിൽമ മേഖല ഭരണ സമിതി തെരഞ്ഞെടുപ്പ് സർക്കാർ ആട്ടിമറിക്കുന്നു എന്നാരോപിച്ച് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ നരനായാട്ട് പ്രതിഷേധാർഹമാണെന്ന് വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ പറഞ്ഞു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് പാനലിന് വിജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്.

ഇപ്പോൾ സർക്കാരും അഡ്മിനിസ്ട്രേറ്റീവ് ഭരണക്കാരും ചേർന്ന് വോട്ടവകാശമുള്ള കോൺഗ്രസ് ക്ഷീര സംഘങ്ങൾ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ്‌ മില്‍മാ ആസ്ഥാനത്തേക്ക്  മാർച്ച്‌ നടത്തിയത്. സമാധാനപരമായി നടന്ന മാർച്ചിൽ യാതൊരു പ്രകോപനവും കൂടാതെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു.

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നേതാക്കളെയടക്കം പോലീസ് അതിക്രൂരമായി മർദിച്ചത് ഉന്നതരുടെ നിർദ്ദേശം അനുസരിച്ചാണ്. തെരഞ്ഞെടുപ്പ് ആട്ടിമറിക്കാനുള്ള നീക്കത്തെ ചെറുക്കാൻ ശ്രമിക്കുന്നത് ചില സിപിഎം നേതാക്കളെ അസ്വസ്ഥതപ്പെടുത്തുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവത്തെ യൂത്ത് കോൺഗ്രസ്‌ നേരിടുമെന്നും ഇത്തരത്തിലാണ് പോലീസിന്‍റെ തുടർനടപടികൾ എങ്കിൽ വരും ദിവസങ്ങളിൽ അതിനെ എങ്ങനെ നേരിടണമെന്ന് യൂത്ത് കോൺഗ്രസിന് അറിയാമെന്നും സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ എൻ.എസ് നുസൂർ കൂട്ടിച്ചേർത്തു.