കപടവാഗ്ദാനം നല്‍കി കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 9 സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് തൊഴിലുറപ്പ് തൊഴിലാളികള്‍. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതിനെ തുടര്‍ന്നാണ് ഒന്‍പത് സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ പ്രധാനമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്‍റ് ഗ്യാരന്‍റി ആക്റ്റ് (NREGA) സംഘര്‍ഷ് മോര്‍ച്ചയുടെ കീഴിലുള്ള തൊഴിലാളികളാണ് നിയമനടപടിക്കൊരുങ്ങുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള വേതനം നല്‍കാത്തത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലുറപ്പ് പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികളുടെ കൂട്ടായ്മയായ സംഘര്‍ഷ് മോര്‍ച്ച പ്രതിഷേധവുമായി രംഗത്തെത്തിയത്. 9 സംസ്ഥാനങ്ങളിലെ ആയിരത്തോളം തൊഴിലാളികളാണ് പ്രധാനമന്ത്രിക്കെതിരെ വാഗ്ദാനലംഘനം നടത്തി കബളിപ്പിച്ചെന്ന പരാതിയുമായി എത്തിയത്. കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഗുജറാത്, ബിഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് കേസ് നല്‍കിയിരിക്കുന്നത്.
പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന NREGA തൊഴിലാളികള്‍
പദ്ധതിപ്രകാരം കൃത്യമായി വേതനം അനുവദിക്കാത്തത് തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയെന്ന് കൂട്ടായ്മ പറയുന്നു. പദ്ധതി ഇല്ലാതാക്കാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്നും ഇത് എം.എന്‍.ആര്‍.ഇ.ജി.എ നിയമത്തിന്‍റെ ലംഘനമാണെന്നും കൂട്ടായ്മ വ്യക്തമാക്കി. 2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം വരെയുള്ള വേതനമായി നല്‍കാനുള്ളത്. 150 പൊലീസ് സ്റ്റേഷനുകളിലാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
2018 ഒക്ടോബര്‍ മുതല്‍ ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമാറിന് നേരത്തെ കത്ത് നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. 25,000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരുടെ ആവശ്യത്തിന് നേരെ കേന്ദ്രം നിഷേധാത്മകസമീപനം തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്കെതിരെ കേസുമായി മുന്നോട്ടുപോകാന്‍ കൂട്ടായ്മ തീരുമാനിച്ചത്.