‘എന്‍റെ മൃതദേഹത്തില്‍ ചവിട്ടിയല്ലാതെ തമിഴ്നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാനാവില്ല’ : കോണ്‍ഗ്രസ് എം.പി ജോതിമണി

Jaihind News Bureau
Wednesday, January 15, 2020

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ച് കോണ്‍ഗ്രസ് എം.പി ജോതിമണി. തന്‍റെ മൃതദേഹത്തില്‍ബ ചവിട്ടിയല്ലാതെ തമിഴ്നാട്ടില്‍ പൗരത്വ നിയമം നടപ്പാക്കാനാവില്ലെന്ന് ജോതിമണി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് തിങ്ക് എജ്യു കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കാരൂരില്‍ നിന്നുള്ള എം.പി ജോതിമണി.

ബി.ജെ.പി വെറുപ്പിന്‍റെ വിഭാഗീയയുടെയും രാഷ്ട്രീയമാണ് നടപ്പിലാക്കുന്നതെന്ന് ജോതിമണി പറഞ്ഞു. ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാതെയാണ് ബി.ജെ.പി പ്രവർത്തിക്കുന്നത്. ഭരണഘടനയെ അട്ടിമറിക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നത്. 2014 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ ഇതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞു. ഭരണകൂട സ്വാധീനം ഉപയോഗപ്പെടുത്തി സി.ബി.ഐ, എന്‍ഫോഴ്സ്മെന്‍റ് തുടങ്ങിയ ഏജന്‍സികളെ വരുതിയിലാക്കി. ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ടു.

ഭരണഘടന ഒരു പൗരന് ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ ഇപ്പോള്‍ ഭീഷണിയിലാണെന്നും ജോതിമണി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം യുവജനങ്ങളും വിദ്യാര്‍ത്ഥികളും കർഷകരും എല്ലാം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിലാണിപ്പോള്‍. മോദി സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുകയാണ് ചെയ്യുന്നത്. ആദ്യം ഇവര്‍ ഒരു വിഭാഗത്തെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്നു. പിന്നീട് ഇവരെ അടിച്ചമർത്തുന്നു.ജനാധിപത്യ അവകാശങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും യാതൊരു വിലയും കല്‍പിക്കാത്ത ഫാസിസ്റ്റ് ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും ജോതിമണി പറഞ്ഞു.

രാജ്യത്ത് നടമാടുന്ന അക്രമത്തിനും അനീതിക്കുമെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ട  സമയമാണ് വന്നിരിക്കുന്നത്. ബി.ജെ.പി സ്പോണ്‍സേർഡ് അക്രമങ്ങള്‍ക്കെതിരെ ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രതികരിക്കണം. രാജ്യത്തിന്‍റെ ബഹുസ്വരത നിലനിർത്തപ്പെടണം. ഭരണഘടനയെ അട്ടിമറിക്കാനുള്ള ബി.ജെ.പി ശ്രമങ്ങളെ ചെറുത്ത് തോല്‍പിക്കണമെന്നും ജോതിമണി എം.പി പറഞ്ഞു.