കൊൺറാഡ് സംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് ദേശീയപദവി. നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി ലഭിച്ചതോടെയാണ് എൻപിപി ദേശീയ പാർട്ടി പദവി നേടിയത്. നിലവിൽ മേഘാലയയിൽ അധികാരത്തിലിരിക്കുന്നത് എൻപിപിയാണ്. ഇതോടൊപ്പം മണിപ്പൂർ, നാഗാലാൻഡ് എൻപിപിക്ക് എംഎൽഎമാരും സംസ്ഥാന പദവിയും ഉണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം അരുണാചൽ പ്രദേശിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അവിടെയും അഞ്ച് സീറ്റുകൾ ജയിച്ച് എംഎൽഎമാരെ കിട്ടിയതോടെയാണ് എൻപിപി ദേശീയപാർട്ടി പദവി സ്വന്തമാക്കിയത്.
2013-ൽ എൻസിപി വിട്ടു പുറത്ത വന്ന ദേശീയനേതാവ് പിഎ സാംഗ്മ രൂപീകരിച്ച പാർട്ടിയാണ് എൻപിപി. വടക്ക്കിഴക്കൻമേഖലയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടി ആ വർഷം നടന്ന രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് അഞ്ച് സീറ്റ് നേടി അത്ഭുതം കാട്ടിയിരുന്നു. 2016- പിഎ സാംഗ്മ മരണപ്പെട്ട ശേഷം അദ്ദേഹത്തിന്റെ മകൻ കൊൺറാഡ് സാംഗ്മയാണ് പാർട്ടിയെ നയിക്കുന്നത്.
നിലവിൽ മേഘാലയ മുഖ്യമന്ത്രിയാണ് അദ്ദേഹം. ദേശീയതലത്തിൽ എൻപിപിക്ക് കൂടി ദേശീയപാർട്ടി പദവി ലഭിച്ചതോടെ രാജ്യത്തെ ദേശീയപാർട്ടികളുടെ എണ്ണം എട്ടായി ഉയർന്നു. നിലവിൽ ദേശീയപാർട്ടി പദവിയുള്ള സിപിഐയ്ക്ക് ലോക്സഭാ തെരഞ്ഞെടുപ്പോടെ സാന്നിധ്യം തമിഴ്നാട്ടിൽ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. സിപിഐയുടെ ദേശീയപാർട്ടി പദവി നിലനിർത്തണമോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്നീട് തീരുമാനിക്കും.