ഇടുക്കി : നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇടുക്കി ജില്ലയിൽ ഉണ്ടായ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ദൗർബല്യങ്ങൾ പരിഹരിച്ച് യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ബി.ജെ.പിയുമായി എൽ.ഡി.എഫ് ഉണ്ടാക്കിയ രഹസ്യ ബന്ധം തെരഞ്ഞെടുപ്പിൽ മറനീക്കി പുറത്തുവന്നതായും ഡീൻ കുര്യാക്കോസ് പറഞ്ഞു.
2016 ലെ തിരഞ്ഞെടുപ്പിൽ ബി.ജെ പി ജില്ലയിൽ വലിയ പ്രകടനമാണ് കാഴ്ചവച്ചത്. ഉടുമ്പൻചോലയിലും ഇടുക്കിയിലും തൊടുപുഴയിലും 30000 ന് അടുത്ത് വോട്ടുപിടിച്ചവർ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ എങ്ങനെയും തോൽപിക്കുക എന്ന സമീപനമാണ് സ്വീകരിച്ചത്. ഉടുമ്പൻചോലയിൽ 7000 വും ഇടുക്കിയിൽ 9000 വും വോട്ടുകള്‍ മാത്രമാണ് ഇത്തവണ ബി ജെ.പി. പിടിച്ചത്. ബാക്കി വോട്ടുകൾ എവിടെ പോയി എന്നത് വ്യക്തമാണ്. പീരുമേട്ടിലും ദേവികുളത്തും പതിനായിരത്തിലധികം വോട്ടുകളാണ് മറിച്ചത്. പരാജയത്തിനിടയാക്കിയ കാര്യങ്ങൾ വിലയിരുത്തി യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് ഡീൻ കുര്യാക്കോസ്.എം.പി പറഞ്ഞു.
തൊടുപുഴയിൽ മാത്രമാണ് ബിജെപി 21,000 ത്തിലധികം വോട്ടുകൾ നേടിയത്. അവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ ജോസഫ് 20000 ലധികം ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ബി.ജെ.പി.യും എൽ.ഡി.എഫും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായ സാഹചര്യത്തിൽ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.