ഇനി മടക്കം; അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി; ആംബുലന്‍സില്‍ നാട്ടിലേക്ക്

കര്‍ണാടക: കാത്തിരിപ്പുകള്‍ക്ക് ശേഷം, അര്‍ജുന്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണ്. രണ്ടര മാസത്തിനു ശേഷം അര്‍ജുന്‍ വീട്ടിലേക്ക് മടങ്ങിയെത്തുകയാണ്. ജീവനോടെ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചവരുടെ പ്രതീക്ഷകള്‍ വറ്റിയ ശേഷം. അര്‍ജുന്റെ വരവിനായി കോഴിക്കോട് കണ്ണാടിക്കലിലെ വീട് അതിനായി ഒരുങ്ങുകയാണ്. നാളെ രാവിലെ വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂര്‍ നേരത്തെ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്ന് കണ്ടെടുത്ത അര്‍ജുന്റെ മൃതദേഹം ഡി.എന്‍.എ. പരിശോധനാ നടപടികള്‍ക്ക് ശേഷമാണ് ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

നാളെ രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി മൃതദേഹം അര്‍ജുന്റെ വീട്ടിലെത്തിക്കും. വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വീട്ടു വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ സഹായധനമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Comments (0)
Add Comment