പുന്ന നൗഷാദ് വധം: മുഖ്യപ്രതിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ പിടിയില്‍

Jaihind Webdesk
Saturday, August 3, 2019

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍.  എടക്കഴിയൂര്‍ ചാവക്കാട് നാലാംകല്ല് സ്വദേശി മുബിനാണ് പിടിയിലായത്.  കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആളാണ് മുബിൻ. എസ്.ഡി.പി.ഐ പ്രവർത്തകനായ മുബിൻ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്.

നൗഷാദ് ഉൾപ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് കഴിഞ്ഞ മാസം 29-ന് തൃശ്ശൂരിലെ പുന്ന സെന്ററില്‍വച്ച് വെട്ടേറ്റത്. തുടർന്ന് ആശുപത്രിയിൽ വച്ച് നൗഷാദ് മരണപ്പെടുകയായിരുന്നു.  കൊലയ്ക്ക് പിന്നില്‍ 22 അംഗ സംഘമുണ്ടെന്നാണ് സൂചന. അന്വേഷണവുമായി ബന്ധപ്പെട്ട് പുന്ന, ചാവക്കാട് മേഖലകളിലെ മുപ്പത്തിലേറെ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. ആറ് മാസം മുമ്പ് നൗഷാദുമായി വാക്കേറ്റമുണ്ടായ എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇതില്‍ ചാവക്കാട് സ്വദേശികളായ ഷാജി, മൊയ്തീൻ, അഷ്റഫ് എന്നീ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അക്രമിസംഘത്തിലുണ്ടെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ അക്രമം നടന്നയുടൻ സ്ഥലത്ത് നിന്ന് മുങ്ങിയതായും പൊലീസ് കണ്ടെത്തി.

നൗഷാദിനെയും കൂട്ടരേയും വെട്ടി പരിക്കേൽപ്പിച്ചതിന് ശേഷം ആറ് ബൈക്കുകളിലാണ് അക്രമി സംഘം മടങ്ങിയത്.  പ്രതികള്‍ കൈകകളില്‍ കൂര്‍ത്ത മുനയുളള കത്തി വച്ചുകെട്ടിയാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസിന്റെ നി​ഗമനം. നൗഷാദിന്റെ ദേഹത്തുളള മുറിവുകളില്‍ നിന്ന് വ്യക്തമാകുന്നതും അത്തരത്തിലുള്ള ആക്രമണം നടന്നതായാണ്. 14 പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തത്. ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.