തുഷാര്‍ വെള്ളാപ്പള്ളിക്ക് ചോദ്യം ചെയ്യലിനു നോട്ടീസ്; 21 ന് ഹൈദരബാദില്‍ ഹാജരാവണം

ആലപ്പുഴ: തെലങ്കാന ഓപ്പറേഷൻ ലോട്ടസുമായി ബന്ധപ്പെട്ട് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയ്കക്ക് നോട്ടിസ് നൽകി. എസ്‍പി രമാ മഹേശ്വരിയുടെ നേതൃത്വത്തിലുള്ള തെലങ്കാന പൊലീസ് സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തി നോട്ടീസ് നൽകിയത്. 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാനാണ് നോട്ടിസ്. തുഷാറിന്‍റെ അസാന്നിധ്യത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി.

തെലങ്കാന എംഎൽഎമാരെ കൂറുമാറ്റിക്കാൻ ശ്രമിച്ചതിനു പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്. ടി ആര്‍ എസ് എം എല്‍ എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. 4 എംഎല്‍എമാര്‍ക്കു കൂറുമാറാന്‍ 100 കോടി വാഗ്ദാനം നല്‍കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ, കോൾ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആ‍ര്‍ ‘ ഓപ്പറേഷൻ ലോട്ടസ് ‘ ആരോപണം നടത്തിയത്. അഹമ്മദാബാദിലിരുന്ന് തുഷാറാണ് ഇടനിലക്കാരെ നിയന്ത്രിച്ചതെന്നും കെസിആര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഭവത്തിൽ അറസ്റ്റിലായ 3 ഇടനിലക്കാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

 

Comments (0)
Add Comment