മഹാരാഷ്ട്രയില്‍ രണ്ടിടത്ത് എന്‍ഡിഎയെ മൂന്നാംസ്ഥാനത്തേക്ക് തള്ളി നോട്ട; ലക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന ജയം

Jaihind News Bureau
Friday, October 25, 2019

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി നോട്ട രണ്ടാം സ്ഥാനത്ത്. രണ്ടിടത്തും ഒരു ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ലത്തൂര്‍ റൂറല്‍, പാലസ് ഘഡേഗാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയുടെ സ്ഥാനാര്‍ത്ഥികള്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയത്.

മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മകന്‍ ധീരജ് ദേശ്മുഖ് ആകെ പോള്‍ ചെയ്ത 1,99,599 വോട്ടുകളില്‍ 1,34,615 വോട്ടും സ്വന്തമാക്കിയാണ് തന്‍റെ കന്നി അങ്കത്തില്‍ വിജയം ലത്തൂര്‍ റൂറലില്‍ കുറിച്ചത്. 27,449 വോട്ടുമായി നോട്ട രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശിവസേനയുടെ സച്ചിന്‍ അഥവാ രവി ദേശ്മുഖിന് നേടാനായത് വെറും 13,459 വോട്ട് മാത്രമാണ്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്താന്‍ഗ്രോ കദത്തിന്‍റെ മകന്‍ വിശ്വജിത് കദത്തിന്‍റെ വിജയം 1.71 ലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു. അതായത്, ആകെ പോള്‍ ചെയ്ത വോട്ടിന്‍റെ ഏകദേശം 83.04 ശതമാനം. രണ്ടാം സ്ഥാനത്തെത്തിയ നോട്ട ഏകദേശം 10 ശതമാനം, അതായത് 20,631 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളി എന്ന് പറഞ്ഞിരുന്ന ശിവസേനയുടെ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിച്ചത് 8,976 വോട്ട് മാത്രമാണ്.

ഈ രണ്ട് സീറ്റുകള്‍ക്കും പുറമേ മറ്റ് പല സ്ഥലങ്ങളിലും നോട്ട അതിന്‍റെ ശക്തി രേഖപ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ശിവസേനയെ 2,096 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ അക്കല്‍കുവ അസംബ്ലിയില്‍ നോട്ടയ്ക്ക് ലഭിച്ചത് 4,856 വോട്ടാണ്.

ലത്തൂര്‍ റൂറല്‍, പാലസ് ഘഡേഗാവ് മണ്ഡലങ്ങളില്‍ ഏകപക്ഷീയമെന്ന പോലെ 65ശതമാനത്തിലേറെ ലീഡുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടെത്തിയപ്പോള്‍ ഹരിയാന ആറോളം മണ്ഡലങ്ങളിലെ ജയപരാജയത്തില്‍ നോട്ട വ്യക്തമായ സ്വാധീനം ചെലുത്തി.