ഭീകരവാദികളുടെ സാന്നിദ്ധ്യം അറിയാത്തത് ഗുരുതരവീഴ്ച : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, September 19, 2020

അല്‍ഖ്വയ്ദ ഭീകരവാദികളുടെ സാന്നിദ്ധ്യം ഉണ്ടായിട്ടും കേരള ഇന്‍റലിജന്‍സ് സംവിധാനവും പൊലീസും അറിയാതിരുന്നത് ഗുരുതരവീഴ്ചയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് ഈ സംഭവം. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി സി.പി.എം ഭരണം കേരളത്തെ മാറ്റി. എല്ലാ രാജ്യദ്രോഹ ശക്തികള്‍ക്കും എപ്പോള്‍ വേണമെങ്കിലും കേരളത്തില്‍ വന്ന് പോകാമെന്ന അപകടകരമായ സ്ഥിതിയാണ്. യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരെ പൊലീസ് നരനായാട്ട് നടത്തുന്നു. പെണ്‍കുട്ടികളെപ്പോലും പൊലീസ് അതിക്രമത്തിന് ഇരയായി. ഭരണകൂട ഭീകരതയാണ് കേരളത്തില്‍.എല്ലാ ക്രമക്കേടുകളുടേയും കേന്ദ്രബിന്ദു മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റ് വഴി നികുതി ഒഴിവാക്കി കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 17000 കിലോ ഈന്തപ്പഴമാണ് നയതന്ത്ര ബാഗേജ് വഴി കൊണ്ടുവന്നത്. ഇത് ഞെട്ടിപ്പിക്കുന്നതാണ്. ഈന്തപ്പഴം കൊണ്ടുവരാന്‍ നയനതന്ത്രബാഗേജ് ഉപയോഗപ്പെടുത്തിയത് എന്തിനാണെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. ഇതില്‍ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

സ്വതന്ത്രവും നിര്‍ഭയവുമായി അന്വേഷണം നടന്നാല്‍ കൂടുതല്‍ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാന്‍ കഴിയും. ഇതില്‍ എഫ്.സി.ആര്‍.എ ലംഘനം നടന്നിട്ടുണ്ട്. ശരിയാവിധം അന്വേഷിച്ചാല്‍ കേരള സര്‍ക്കാര്‍ പ്രതിസ്ഥാനത്ത് വരും.

ഈ ഭരണത്തില്‍ ജനം അമര്‍ഷത്തിലും പ്രതിഷേധത്തിലുമാണ്.മുഖ്യമന്ത്രിക്ക് രാജിവക്കാനുള്ള സുവര്‍ണ്ണാവസരമാണിത്. വിശുദ്ധ മതഗ്രന്ഥങ്ങളെ മതപരമായ വികാരം ഇളക്കി വിടാന്‍ ഉപയോഗിക്കുന്നത് അത്യന്തം അപകടകരമാണ്. വിശ്വാസികളെ തെറ്റിധരിപ്പിക്കാനുള്ള സി.പി.എമ്മിന്‍റെ നിക്കം ജനം തള്ളിക്കളയും.മതത്തെ ദുരപയോഗപ്പെടുത്തി ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനുള്ള സി.പി.എമ്മിന്‍റെ തന്ത്രമാണിത്. ഇതിനെതിരെ വിശ്വാസികള്‍ക്ക് ഇടയില്‍ നിന്നു തന്നെ ശക്തമായ പ്രതിക്ഷേധം ഉയര്‍ന്നിട്ടുണ്ട്.

സി.പി.എമ്മിന് താല്‍പ്പര്യം ശുദ്ധവര്‍ഗീയത പ്രചരിപ്പിക്കുന്നതിലാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലും മയക്കുമരുന്നു കേസിലും സി.പി.എം നേതാക്കളും അവരുടെ മക്കളും ഉള്‍പ്പെടുമെന്ന് ഉറപ്പായപ്പോള്‍ മതസ്പര്‍ദ്ധ വളര്‍ത്തി കാലാപം സൃഷ്ടിക്കാനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ശ്രമം.സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം സി.പി.എം നേതാക്കളുടേയും മന്ത്രിമാരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പടിവാതിക്കല്‍ എത്തി നില്‍ക്കുകയാണ്. സി.പി.എം നേതാക്കളുടേയും ബി.ജെ.പി നേതാക്കളുടേയും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പങ്ക് അന്വേഷിക്കണം.ജലീലിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനോട് പ്രതികരിക്കാന്‍ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റും തയ്യാറാകണം.യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാലം നിങ്ങള്‍ക്ക് മാപ്പുതരില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.