കൊല്ലപ്പെട്ട പോലീസുകാരനെക്കുറിച്ച് ഒരുവാക്കും മിണ്ടിയില്ല; പശുവിനെ കൊന്നവര്‍ക്കെതിരെ നടപടിവേണമെന്ന് യോഗി ആദിത്യനാഥ്

Jaihind News Bureau
Wednesday, December 5, 2018

ലഖ്‌നൗ: യു.പിയിലെ ബലന്ദ്ഷഹറില്‍ സംഘപരിവാറുകാര്‍ സൃഷ്ടിച്ച കലാപത്തെ തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെക്കുറിച്ച് ചര്‍ച്ചയായില്ല. എന്നാല്‍, സംസ്ഥാനത്ത് ഗോഹത്യ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് യോഗി വ്യക്തമാക്കി. ഇന്നലെ രാത്രി ചേര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. പ്രത്യേക യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥോ മറ്റ് ഉദ്യോഗസ്ഥരോ കലാപത്തില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിനെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുലന്ദ്ശ്വര്‍ കലാപത്തിന് കാരണമായ ഗോഹത്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ ചില ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗോഹത്യ നടത്തിയവര്‍ക്കെതിരെയും അതിന് കൂട്ടുനിന്നവര്‍ക്കെതിരെയും എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് ആവാസ്തി പറഞ്ഞു.

കലാപം മനപൂര്‍വം തയ്യാറാക്കിയതാണെന്ന് വ്യക്തമാകുന്ന തെളിവുകളെല്ലാം ഇതിനകം പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കലാപത്തിന് ആസൂത്രണം നല്‍കിയതിന്റെ പേരില്‍ ബജ്റംഗദള്‍ നേതാവിനെ അറസ്റ്റ് ചെയ്തതൊഴിച്ചാല്‍ കൊലപാതകം നടത്തിയ പ്രതി ആരെന്ന കാര്യത്തില്‍ ഇപ്പോഴും പൊലീസിന്റെ കയ്യില്‍ മറുപടിയില്ല. ഇതിനൊപ്പം ഗോഹത്യ നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയും വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിട്ടുണ്ട്.

പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന പറയുന്ന മഹൗ ഗ്രാമത്തില്‍ ആദ്യമെത്തിയ ഉദ്യോഗസ്ഥരിലൊരാളാണ് തഹസില്‍ദാര്‍ രാജ്കുമാര്‍ ഭാസ്‌ക്കര്‍. ”ചത്ത പശുവിന്റെ അവശിഷ്ടം കരിമ്പ്പാടത്ത് തൂക്കിയിട്ട നിലയിലായിരുന്നെന്ന് അദ്ദേഹം പറയുന്നു. പശുവിന്റെ തലയും തൊലിയുമെല്ലാം വസ്ത്രം ഹാങ്ങറില്‍ തൂക്കിയിട്ടത് പോലെയായിരുന്നു. ഇത് സാധാരണ നടക്കാത്ത സംഭവമാണ്. സംസ്ഥാനത്തെ നിലവിലുള്ള സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ അറവകാരൊന്നും ഇങ്ങനെ ചെയ്യില്ല. വളരെ ദൂരെ നിന്ന് പോലും കാണാവുന്ന സ്ഥലമാണിത്.”
പശുവിന്റെ അവശിഷ്ടം കണ്ടെടുത്തുവെന്ന വാര്‍ത്ത ഉടനെ തന്നെ തന്നെ ഹിന്ദു യുവവാഹിനി, ശിവസേന, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചെന്ന് തഹസില്‍ദാര്‍ പറയുന്നു. പിന്നീട് ഇവര്‍ ഇത് ട്രാക്ടറില്‍ കയറ്റി ബുലന്ദ്ശഹര്‍-ഗര്‍ഹ്മുക്ടേശ്വര്‍ ഹൈവേയില്‍ കൊണ്ടുപോയിട്ട് പ്രതിഷേധിക്കുകയായിരുന്നു.