8 ജില്ലയിലായി രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായത് 80തോളം ഉരുൾപൊട്ടല്‍

Jaihind News Bureau
Sunday, August 11, 2019

സംസ്ഥാനത്തെ 8 ജില്ലയിലായി രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായത് 80തോളം ഉരുൾപൊട്ടലെന്ന് സ്ഥിരീകരണം. ഉരുൾപൊട്ടലിലും പേമാരിയിലും ജീവൻ പൊലിഞ്ഞ 13 പേരുടെ ശരീരങ്ങൾ ഇന്നലെ കണ്ടെത്തി. ഇതോടെ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 62 ആയി. കവളപ്പാറയിൽ ഇരുപത് കുട്ടികളടക്കം 58 പേരെയും പുത്തുമലയിൽ 9 പേരെയുമാണ് കണ്ടെത്താനുള്ളത്. 1318 ക്യാമ്പുകളിലായി 1,65,519 പേരാണ് ഇത് വരെ അഭയംപ്രാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിൽ ശനിയാഴ്ച മാത്രം 17 മരണമാണ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 19 ഉം, കോഴിക്കോട് 14, വയനാട് 10, കണ്ണൂരിൽ 5, ഇടുക്കിയിൽ 4, തൃശ്ശൂരിൽ 3, ആലപ്പുഴ ജില്ലയിൽ 2 എന്നിങ്ങനെയാണ് മരണസംഖ്യ. ഇതോടെ മഴക്കെടുതിയിൽ ആകെ മരണം 57 ആയി. സംസ്ഥാമത്തെ 1318 ദുരിതാശ്വാസ ക്യാമ്പിലായി 1,65,519 പേരാണുള്ളത്. 46,400 കുടുംബങ്ങളിലുള്ളവരാണിവർ.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത്. 287 ക്യാമ്ബുകളിലായി 37,409 പേരാണ് അഭയംപ്രാപിച്ചിരിക്കുന്നത്. വയനാട്ടിൽ 197 ക്യാമ്പുകളിലായി 32,276 പേരും മലപ്പുറത്ത് 185 ക്യാമ്പിലുമായി 24,151 പേരുമാണ് ഉള്ളത്. എറണാകുളം ജില്ലയിലെ 133 ക്യാമ്പുകളിൽ നിന്നുമായി 23,158 പേരും തൃശൂരിൽ 149 ക്യാമ്പിൽ 18,684 പേരും കഴിയുന്നു. പേമാരിയിൽ സംസ്ഥാനത്താകെ 198 വീട് പൂർണമായും 2303 വീട് ഭാഗികമായും തകർന്നു. കോട്ടക്കുന്നിൽ ഉരുൾപൊട്ടി മണ്ണിടിഞ്ഞ് കാണാതായവരെ ഇനിയും കണ്ടെത്താനായില്ല. 64 പേർ മണ്ണിനിടയിൽപെട്ട നിലമ്പൂർ പോത്ത്കല്ല് കവളപ്പാറയിൽ ശനിയാഴ്ച ആറു പേരുടെ മൃതദേഹംകൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 9 ആയി.

ദുരന്തത്തിൽ കാണാതായ 55 പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കവളപ്പാറ മുത്തപ്പൻ മലയിൽ ശനിയാഴ്ച വീണ്ടും രണ്ടുതവണ ഉരുൾപൊട്ടി. മഴയും കൂടിയായപ്പോൾ രക്ഷാ പ്രവർത്തനം ശ്രമകരമായി. വ്യാഴാഴ്ച മണ്ണിടിഞ്ഞതിനടുത്താണ് രാവിലെയും വൈകിട്ടും വീണ്ടും ഉരുൾപൊട്ടിയത്. വീടുകളിൽനിന്ന് നിലവിളി കേട്ടതായി സമീപവാസികൾ പറഞ്ഞു. രക്ഷാ ദൗത്യത്തിലേർപെട്ടവർ ഓടിമാറി. സുരക്ഷ കണക്കിലെടുത്ത് ഉച്ചകഴിഞ്ഞ് തെരച്ചിൽ നിർത്തി.

ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടുമുണ്ട്. കോഴിക്കോട് നഗരത്തിലെ നല്ലളം പ്രദേശം വെള്ളത്തിലാണ്.