കിം-ട്രംപ് കൂടിക്കാഴ്ചയെ അടിസ്ഥാനമാക്കി ഡോക്യുമെന്‍ററി; ഹനോയി കൂടിക്കാഴ്ചയുടെ പരാജയം മറച്ചു വ്യക്തിബന്ധത്തിന് ഊന്നല്‍

Jaihind Webdesk
Friday, March 8, 2019

ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ അമേരിക്കൻ പ്രസിഡൻറ് ട്രംപുമായി ഹാനോയിയിൽ നടത്തിയ ഉച്ചകോടി പ്രമേയമാക്കിയ ഡോക്യുമെൻററി കൊറിയൻ സെൻട്രൽ ടിവി സംപ്രേഷണം ചെയ്തു. ഉച്ചകോടി പരാജയപ്പെട്ടങ്കിലും 75 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെൻററി ട്രംപ്-കിം കൂടിക്കാഴ്ചയെ പ്രകീർത്തിച്ചുകൊണ്ടുള്ളതാണ്.

ഡോക്യുമെൻററിയിൽ കിമ്മിന്‍റെ ഹാനോയി പര്യടനം വിശദമായി വിവരിക്കുന്നുണ്ട്. കൂടുതൽ ചർച്ചയ്ക്ക് തയാറാണെന്നും പ്യോഗ്യാംഗ് വ്യക്തമാക്കുന്നു. അതേസമയം, ആണവനിരായുധീകരണം സംബന്ധിച്ച് ഒന്നും ഡോക്യുമെൻററിയിൽ പറയുന്നില്ല.

ഉപരോധം നീക്കാതെ ആണവനിരായുധീകരണം നടത്തില്ലെന്നു കിം വ്യക്തമാക്കിയതോടെ ട്രംപ് ഉച്ചകോടി അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു.

ഇതിനിടെ, ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണത്തിന് ഒരുക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളിൽ യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഏറെ ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.
സൊഹെയ് മിസൈൽ ടെസ്റ്റിംഗ് സൈറ്റ് പുനരുദ്ധരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായി ഉപഗ്രഹഫോട്ടോകളിൽ നിന്നു വ്യക്തമായെന്ന റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതു ശരിയാണോ എന്ന് ഇനിയും തീർച്ചയില്ല. ശരിയാണെങ്കിൽ അതുവളരെ നിരാശാജനകമാണെന്ന് ഉത്തരകൊറിയയ്ക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് അദ്ദേഹം പറഞ്ഞു.[yop_poll id=2]