ഐഎസ്എൽ : മുംബൈ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം

B.S. Shiju
Sunday, November 22, 2020

ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മുംബൈയെ പരാജയപ്പെടുത്തിയത്

തിലക് മൈതാൻ സ്റ്റേഡിയത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ക്വസി അപിയയുടെ വിജയഗോൾ പിറന്നത്. അതിശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളിൽ പെനാൽറ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. ചുവപ്പ് കാർഡും മത്സരം നാടകീയമാക്കി. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് ഇറങ്ങിയത്. സീസണിൽ ക്ലബിലെത്തിയ ബാർത്തലോമിയോ ഒഗ്ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്പൻമാർ സെർജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിൻ ലെംബോട്ട്, ക്വസി അപിയ എന്നിവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്റ്റാർട്ടിംഗ് ഇലവനിലെത്തി.

ശക്തരെ ഇറക്കി ടീം ഉടച്ചുവാർത്തതിൻറെ കരുത്ത കാട്ടിയെങ്കിലും ആദ്യ പകുതിയിൽ മുംബൈ സിറ്റിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ല.
മൈതാന മധ്യത്ത് ഖാസാ കമാരയെ അപകടകരമായി ടാക്കിൾ ചെയ്തതിന് 43-ാം മിനുറ്റിൽ അഹമ്മദ് ജാഹൂ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയിൽ 10 പേരുമായാണ് മുംബൈ സിറ്റി കളിച്ചത്.

രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം മാറ്റിമറിക്കുകയായിരുന്നു. മക്കാഡോയുടെ ക്രോസിൽ ഫോക്സിൻറെ ഹെഡർ ബോർജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാൽറ്റി അനുവദിച്ചു. കിക്കെടുത്ത ഘാന താരം ക്വസി അപിയ അനായാസം പന്ത് വലയിലാക്കി.

സമനില ഗോളിനായി മുംബൈ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മിനുറ്റ് ഇഞ്ചുറിടൈമും ഗുണം ചെയ്തില്ല. ആകെ ഏഴ് ഷോട്ട് ഉതിർത്തിട്ടും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് പായിക്കാൻ മുംബൈക്കായില്ല.