ദുബായ് : യുഎഇ മലയാളികളുടെ കൊവിഡ് ആശങ്കകള്‍ പരിഹരിക്കാന്‍, കേരള സര്‍ക്കാരിന് കീഴിലെ നോര്‍ക്ക-റൂട്ട്സ് ആരംഭിച്ച ഹെല്‍പ്പ് ലൈന്‍ പട്ടികയില്‍ കൊവിഡ് പോസറ്റീവ് മൂലം ചികിത്സയില്‍ കഴിയുന്ന വ്യക്തിയും !. വിവിധ പ്രവാസികളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ പട്ടികയിലാണ് , കൊവിഡിന് ചികിത്സയില്‍ കഴിയുന്ന വ്യക്തിയെയും ഉള്‍പ്പെടുത്തി നോര്‍ക്ക ബുദ്ധിമുട്ടിക്കുന്നതായി പരാതി ഉയര്‍ന്നത്. അതേസമയം, ഹെല്‍പ്പ് ലൈനിലെ പല നമ്പറുകളിലും വിളിച്ചിട്ട് മറുപടി ലഭിക്കുന്നില്ലെന്നും ആക്ഷേപം രൂക്ഷമാണ്. കോവിഡ് സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങളുമായി നോര്‍ക്ക-റൂട്ട്സ് ആരംഭിച്ച സംവിധാനമാണ് ഇതോടെ തുടക്കത്തിലെ കല്ലുകടിയാകുന്നത്.
തികച്ചും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ആരംഭിച്ചതെന്നും, വിശാലമായ കാഴ്ചപ്പാടില്‍ ഈ പട്ടികയില്‍ തിരുത്തലുകള്‍ നടത്തി, പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോര്‍ക്ക തയ്യാറാകണമെന്നും ‘ഇന്‍കാസ്’ യുഎഇ ആക്ടിങ് പ്രസിഡണ്ട് ടി എ രവീന്ദ്രന്, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ ആവശ്യപ്പെട്ടു. ഇങ്ങിനെ, വിവിധ എമിറേറ്റുകളില്‍ ഇത്തരത്തില്‍ ഹെല്‍പ്പ് ലൈന്‍ സംവിധാനം ഉണ്ടാക്കിയതില്‍ തികച്ചും രാഷ്ട്രീയ താല്പര്യങ്ങളാണ് പ്രകടമായി കാണുന്നത്. പ്രവാസികള്‍ നിരാലംബരും ആശങ്കാകുലരുമായി കഷ്ടപ്പെടുന്ന ഇത്തരം ഘട്ടത്തില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ വിവേചനം ഒഴിവാക്കണമായിരുന്നു. നോര്‍ക്കയുടെയോ മറ്റ് ഏജന്‍സികളുടെയോ നിര്‍ദ്ദേശങ്ങളോ സഹായമോ ഇല്ലാതെ, ആഴ്ചകളായി വിവിധ സാംസ്കാരിക സംഘടനകള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. യുഡിഎഫ് അനുഭാവ പ്രവാസി സംഘടനകളായ, ഇന്‍കാസ് , കെഎംസിസി ഉള്‍പ്പടെയുള്ള ചെറുതും വലുതുമായ നിരവധി കൂട്ടായ്മകളും വിവിധ അസോസിയേഷനുകളും ഇതിനായി മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇന്‍കാസ് പ്രസ്താവനയില്‍ ആരോപിച്ചു. എന്നിട്ടും, കെ എം സി സിയുടെ പ്രതിനിധികളെ പേരിന് മാത്രമാക്കി പട്ടികയില്‍ ഒതുക്കിയെന്നും പരാതിയുണ്ട്.
ഇപ്രകാരം, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയമായ സംഘടനകളെ ഒഴിവാക്കി ഹെല്‍പ്പ് ലൈന്‍ രൂപീകരിച്ചത് കടുത്ത രാഷ്ട്രീയ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണെന്നും, ഇത് പ്രതിഷേധാര്‍ഹമാണെന്നും ‘ഇന്‍കാസ്’ആക്ടിംഗ് പ്രസിഡണ്ട് ടി. എ. രവീന്ദ്രനും ജനറല്‍ സെക്രട്ടറി പുന്നക്കല്‍ മുഹമ്മദലിയും വ്യക്തമാക്കി. യുഎഇയിലെ വിവിധ അസോസിയേഷനുകളുടെ ചില പ്രതിനിധികളെ മാറ്റി നിര്‍ത്തിയാല്‍, ഹെല്‍പ്പ് ലൈനിലെ ബാക്കിയെല്ലാവരും സി പി എം പാര്‍ട്ടിയുടെ പ്രതിനിധികളും ബന്ധുക്കളാണെന്നും ഇവര്‍ പറഞ്ഞു. അതിനാല്‍, തിരുത്തലുകള്‍ വരുത്തി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നോര്‍ക്ക-റൂട്ട്സ് തയ്യാറാകണമെന്ന് ‘ഇന്‍കാസ്’ ആവശ്യപ്പെട്ടു.