നിങ്ങളാരും വാദം കേള്‍ക്കല്‍ അർഹിക്കുന്നില്ല; CBI കേസ് ചോർച്ചയില്‍ സുപ്രീം കോടതി

സി.ബി.ഐ കേസിൽ അലോക് വർമയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. ഈ മാസം 29 ലേക്കാണ് കേസ് മാറ്റിയത്. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർട്ട് ചോർന്നതില്‍ അതൃപ്തി രേഖപെടുത്തിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

സി.ബി.ഐ കേസ് ചോര്‍ച്ചയില്‍ നിങ്ങളാരും വിചാരണ അര്‍ഹിക്കുന്നില്ലെന്ന് സുപ്രീം  കോടതി സി.ബി.ഐ ഉദ്യോഗസ്ഥരോട് പറഞ്ഞു. പുറത്താക്കപ്പെട്ട മേധാവി അലോക് വര്‍മ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച  വിശദീകരണം ചോര്‍ന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.  സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലില്‍ അലോക് വര്‍മ നല്‍കിയ വിശദീകരണമാണ് ചോര്‍ന്നത്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ച കോടതി രൂക്ഷവിമർശനമാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. വാദത്തിനുള്ള അര്‍ഹത പോലുമില്ലെന്ന് പറഞ്ഞ കോടതി അലോക് വര്‍മയ്ക്ക് വേണ്ടി ഹാജരായ ഫാലി എസ് നരിമാനോട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു.

ഒക്ടോബര്‍ 23നാണ് അലോക് വര്‍മയെ സി.ബി.ഐ മേധാവി സ്ഥാനത്തു നിന്ന് നീക്കം ചെയ്തത്. സി.ബി.ഐയുടെ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന അലോക് വര്‍മക്കെതിരെ കൈക്കൂലി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ അലോക് വര്‍മയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നില്ല. വര്‍മയ്‌ക്കെതിരെ സി.ബി.ഐ പ്രത്യേക ഡയറക്ടര്‍ രാകേഷ് അസ്താന ഉന്നയിച്ച പരാതികളില്‍ ചിലതില്‍ കഴമ്പുണ്ടെന്ന് സി.വി.സി സുപ്രീം കോടതിയില്‍ അറിയിക്കുകയായിരുന്നു. ഇതില്‍ അലോക് വര്‍മ സമര്‍പ്പിച്ച മറുപടിയാണ് ചോര്‍ന്നത്.

supreme courtCBI Casecvc report
Comments (0)
Add Comment