രത്തൻ ടാറ്റയുടെ പിൻ​ഗാമിയായി നോയൽ ടാറ്റ; തീരുമാനം ഇന്നത്തെ ചര്‍ച്ചയ്ക്ക് ഒടുവിൽ

 

മുംബെെ: ടാറ്റ ​ട്രസ്റ്റിന്‍റെ ചെയർമാനായി നോയൽ ടാറ്റ തിരഞ്ഞെടുക്കപ്പെട്ടു. മുംബൈയിൽ ചേർന്ന ടാറ്റ ട്രസ്റ്റിന്‍റെ യോഗത്തിലാണ് തീരുമാനം. നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിൽ നിന്ന് ജനിച്ച നോയൽ ടാറ്റ രത്തൻ ടാറ്റയുടെ അർധസഹോദരനാണ്. സർ ദോരാബ്ജി ട്രസ്റ്റിലും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിലും അംഗമാണ് നിലവിൽ നോയൽ ടാറ്റ.

സർ ദോരാബ്ജി ട്രസ്റ്റിനും ശ്രീ രത്തൻ ടാറ്റ ട്രസ്റ്റിനുമായി 66 ശതമാനം ഓഹരി പങ്കാളിത്തമാണ് ടാറ്റ സൺസിലുള്ളത്. നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്‍റെ തലപ്പത്ത് എത്തിയത് ​ഗുണം ചെയ്യുമെന്ന് ടാറ്റ സൺസിന്‍റെ മുൻ ബോർഡ് അം​ഗം ആർ. ​ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ‘നല്ലവനും വിവേകിയുമായ മനുഷ്യൻ’ എന്നാണ് നോവലിനെ ഗോപാലകൃഷ്ണൻ വിശേഷിപ്പിച്ചത്.

തന്‍റെ മരണത്തിന് മുമ്പ്, ടാറ്റ ട്രസ്റ്റുകളുടെ നേതൃത്വം ആർക്കായിരിക്കുമെന്ന് രത്തൻ ടാറ്റ പ്രഖ്യാപിച്ചിരുന്നില്ല. ഇത് ടാറ്റയുടെ വിയോഗത്തിന് ശേഷം ട്രസ്റ്റുകളുടെ ഭാവി ഭരണത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായി. ഇതേ തുടർന്ന് മുംബൈയിൽ ഇന്ന് ടാറ്റ ട്രസ്റ്റിന്‍റെ  ബോർഡ് യോഗം നടന്നു. 13 ട്രസ്റ്റിമാര്‍ ചേര്‍ന്നതാണ് ബോര്‍ഡ്.

ടാറ്റ ട്രസ്റ്റിന്‍റെ ചെയർമാനായിരുന്ന രത്തൻ ടാറ്റ, ഒക്ടോബർ 9 ന് രാത്രി മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വച്ച് അന്തരിച്ചു. വിവാഹിതനല്ലാത്ത രത്തൻ ടാറ്റായുടെ പിൻഗാമി ആരെന്ന ചോദ്യം മുമ്പേ ഉയർന്നിരുന്നു.

Comments (0)
Add Comment