ബജറ്റ് അച്ചടിയുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ സർക്കാർ പ്രസുകളിലെ മുഴുവൻ ജീവനക്കാരും നാളെ മുതൽ ജോലിക്ക് ഹാജരാകണമെന്ന സർക്കാർ ഉത്തരവിനെതിരെ തൊഴിലാളി യൂണിയനുകൾക്ക് പ്രതിഷേധം. അവശ്യ സർവീസിൽ ഉൾപെടുത്തിയ സർക്കാർ പ്രസ് ജീവനക്കാർക്ക് പക്ഷെ ഇതുവരെ കൊവിഡ് വാക്സിനേഷന് നടപടിയായിട്ടില്ല എന്നതാണ് പ്രതിഷേധത്തിന് കാരണം.
അച്ചടി വകുപ്പിനെ കഴിഞ്ഞ ദിവസമാണ് സർക്കാർ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയ മറ്റ് സർക്കാർ ജീവനക്കാർക്ക് വാക്സിനേഷൻ സൗകര്യം അനുവദിച്ചപ്പോൾ അച്ചടി വകുപ്പിന് ഇതുവരെ വാക്സിനേഷൻ നൽകാൻ തീരുമാനമായിട്ടില്ല. വാക്സിനേഷൻ ആവശ്യം ഉന്നയിച്ച് ജീവനക്കാരുടെ ഇടത്- വലത് യൂണിയനുകൾ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പിന്നാലെ പ്രസ് സൂപ്രണ്ടും സർക്കാരിന് കത്ത് നൽകി. പക്ഷെ അനുകൂല നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് നാളെ മുതൽ മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരകണമെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്.
നയപ്രഖ്യാപനം – ബജറ്റ് അച്ചടിയുൾപ്പടെയുള്ള ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ 11 പ്രസുകളിലെയും ജീവനക്കാർ ഹാജരാകണമെന്നാണ് ഉത്തരവ്. മാത്രമല്ല ലോക് ഡൗൺ നിലനിൽക്കുമ്പോഴും സ്ത്രീകൾ ഉൾപ്പടെ ഓവർടൈം ജോലിക്ക് തയാറാകണമെന്ന കർശന നിർദ്ദേശവും ഉത്തരവിലുണ്ട്. കഴിഞ്ഞ ജനുവരി – ഫെബ്രുവരി മാസങ്ങളിലായി 120 ജീവനക്കാർക്ക് കൊവിഡ് ബാധിച്ചിരുന്നതായി സൂപ്രണ്ട് തന്നെ വ്യക്തമാക്കി. ഇതിനിടെയാണ് നാളെ മുതൽ മുഴുവൻ ജീവനക്കാരും ജോലിക്കെത്തുന്നത്. സാമൂഹിക അകലം പാലിക്കാതെ ചെയ്യേണ്ട ജോലിയാണെന്നതും, 2000 ത്തോളം വരുന്ന അച്ചടി വകുപ്പിലെ ജീവനക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു.