ദ്വീപിലേക്ക് മടങ്ങാന്‍ കപ്പലില്ല: കൊച്ചിയില്‍ കുടുങ്ങി ദ്വീപ് നിവാസികള്‍; സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തില്‍

Jaihind Webdesk
Wednesday, June 8, 2022

കൊച്ചി : ആവശ്യമായ കപ്പൽ സൗകര്യം ഇല്ലാത്തതിനാൽ കൊച്ചിയിൽ കുടുങ്ങി ലക്ഷദ്വീപ് നിവാസികൾ. വിവിധ ആവശ്യങ്ങൾക്കായി കൊച്ചിയിൽ എത്തിയ ദ്വീപ് നിവാസികളാണ് തിരികെ മടങ്ങാൻ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. കപ്പലുകളുടെ എണ്ണം വെട്ടിക്കുറച്ചതാണ് ഇത്തരമൊരു ദുരിതം ദ്വീപ് നിവാസികള്‍ക്ക് വരാന്‍ കാരണം.

കടുത്ത യാത്രാ ദുരിതമാണ് ലക്ഷദ്വീപ് നിവാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി എത്തി തിരികെ പോകാൻ കഴിയാതെ രണ്ടായിരത്തിലധികം യാത്രക്കാരാണ് കൊച്ചിയിൽ കുടുങ്ങി കിടക്കുന്നത്. രണ്ടുമാസമായി ദ്വീപുകാരുടെ ഈ യാത്ര ദുരിതം ആരംഭിച്ചിട്ട്. സ്ത്രീകളും കിടപ്പ് രോഗികളും പ്രായമായവരും കുട്ടികളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ആഴ്ചകളായി മടക്ക ടിക്കറ്റ് ലഭിക്കാത്തതിനാൽ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ദ്വീപുകാർ. വിദഗ്ധ ചികിത്സയ്ക്കായി ദ്വീപ് നിവാസികള്‍ക്ക് കൊച്ചിയെ ആശ്രയിക്കുകയേ വഴിയുള്ളൂ. ഇതിന്‍റെ കാരണം ദ്വീപില്‍ മതിയായ ആരോഗ്യ സംവിധാനങ്ങളില്ല എന്നതാണ്.

ദ്വീപിലേക്ക് യാത്രക്ക് ആവശ്യമായ കപ്പലില്ലെന്ന മുടന്തൻ ന്യായമാണ് അധികൃതർ പറയുന്നത്. അതേസമയം നേരത്തെ 7 കപ്പലുകള്‍ സർവീസ് നടത്തിയിരുന്നത് രണ്ടെണ്ണമായി വെട്ടിക്കുറച്ചതാണ് ദ്വീപ് നിവാസികളുടെ ദുരിതത്തിന് കാരണം.  ശാശ്വതമായ പരിഹാരം എന്താണെന്ന ചോദ്യത്തിന് അധികാരികൾക്ക് ഉത്തരമില്ല. കൃത്യമായ യാത്രാ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് നിവാസികൾ പ്രതിഷേധം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പരിഹാരം ഇപ്പോഴും കടല്‍ദൂരത്താണ്.