മലബാറില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിജയിച്ച 10% വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഉപരിപഠനത്തിന് സ്വന്തം ജില്ലയില്‍ അവസരം ഉണ്ടാകില്ല

Jaihind Webdesk
Wednesday, May 15, 2019

ഹയർ സെക്കൻഡറി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടിയ മലബാറിലെ വിദ്യാർത്ഥികളിൽ ഒന്നേകാൽ ലക്ഷത്തോളം പേര്‍ ഡിഗ്രി പഠനത്തിനായി മറ്റു മാർഗങ്ങളെ ആശ്രയിക്കേണ്ടി വരും. 1,48,016 വിദ്യാര്‍ത്ഥികളാണ് മലബാറിലെ ആറ് ജില്ലകളില്‍ നിന്നായി ഇത്തവണ പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചത്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിലായി 20,224 ഡിഗ്രി സീറ്റുകളാണ് ആകെയുളളത്.

മലബാര്‍ മേഖലയില്‍ 79 സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളാണ് നിലവിലുള്ളത്. മലബാറിലെ ജില്ലകളിൽ ആകെ 20,224 ഡിഗ്രി സീറ്റുകളാണ് വിദ്യാർത്ഥികൾക്കായി ഉള്ളത്. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ വിജയിച്ച പത്ത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പോലും സ്വന്തം ജില്ലയില്‍ ഡിഗ്രി പഠനത്തിന് അവസരമില്ല എന്ന സ്ഥിതിയാണ് മലബാറിലെ ജില്ലകളിലുള്ളത്. കണ്ണൂര്‍ ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 25,737 പേര്‍ ഉപരി പഠനത്തിന് അർഹത നേടി. എന്നാൽ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളിൽ 4,151 ഡിഗ്രി സീറ്റുകൾ മാത്രമാണുള്ളത്. മറ്റ് ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.

കാസര്‍കോഡ് ഉപരി പഠനത്തിന് അര്‍ഹത നേടിയത് 11,095 പേരാണ് 1,230 ഡിഗ്രി സീറ്റുകളാണ് കാസർകോട്ടെ കോളേജുകളിലുള്ളത്. വയനാട് 7,801 പേര്‍ ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചു, ഡിഗ്രി സീറ്റുകളുടെ എണ്ണമാവട്ടെ 1,322 മാത്രമാണ്. കോഴിക്കോട് 32,228 പേര്‍ ഉപരിപഠനത്തിന് അർഹത നേടിയപ്പോൾ 5,276 ഡിഗ്രി സീറ്റുകൾ മാത്രമാണുള്ളത്. മലപ്പുറം ജില്ലയില്‍ മാത്രം ഇത്തവണ 47,664 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. ജില്ലയിലെ ഡിഗ്രി സീറ്റുകളുടെ എണ്ണമാകട്ടെ 4,056 ഉം പാലക്കാട് 23,491 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയപ്പോള്‍ ഡിഗ്രി സീറ്റുകളുടെ എണ്ണം 3,739 മാത്രമാണ്. കണ്ണൂർ – കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലാണ് മലബാറിലെ സർക്കാർ – എയ്ഡഡ് കോളേജുകളിൽ ഭൂരിപക്ഷവും. ഡിഗ്രി സീറ്റുകൾ വർധിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ വിദ്യാർത്ഥികൾ പഠനത്തിനായി മറ്റു മാർഗങ്ങൾ തേടേണ്ടി വരും.
എഞ്ചിനീയറിങ്, മെഡിക്കല്‍ അടക്കമുളള പ്രൊഫഷണല്‍ കോഴ്സുകളുടെ കാര്യത്തിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് മലബാര്‍ മേഖലയില്‍ സീറ്റുകളുടെ എണ്ണം വളരെ കുറവാണ്