സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍

Jaihind News Bureau
Wednesday, January 1, 2020

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നു. പുനരുപയോഗം സാധ്യമല്ലാത്ത എല്ലാ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും ഉൽപാദതനവും വിപണനവും പൂർണമായും നിരോധിച്ചു. നിയമ ലംഘനങ്ങൾക്ക് ആദ്യ തവണ പതിനായിരം രൂപയും ആവർത്തിച്ചാൽ അൻപതിനായിരം രൂപയുമാണ് പിഴ.

പുതുവത്സര പുലരിയിൽ,പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞ് കേരളം.ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന എല്ലാ വിധ പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെയും ഉൽപാദതനവും വിപണനവും പൂർണമായും സംസ്ഥാനത്ത് നിരോധിച്ചു. ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും, വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും, പാൽക്കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ ഇനി മുതൽ ഉപയോഗിക്കാൻ പാടില്ല. കയറ്റുമതി ചെയ്യാനായ് നിർമ്മിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആരോഗ്യ രംഗത്ത് ഉപയോഗിക്കുന്നവ, കമ്പോസ്റ്റ് പ്ലാസ്റ്റിക്കിൽ നിർമ്മിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല. നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നിർമ്മിച്ചാലും വിൽപന നടത്തിയാലും, സൂക്ഷിച്ചാലും കുറ്റകരമാണ്. നിയമലംഘനങ്ങൾക്ക് കനത്ത പിഴയാകും ചുമത്തുക. ആദ്യ നിയമലംഘനങ്ങൾക്ക് 10,000 രൂപയും, രണ്ടാമത് ആവർത്തിച്ചാൽ 25,000 രൂപയും, തുടർന്നുള്ള നിയമലംഘനങ്ങൾക്ക് 50,000 രൂപയുമാണ് പിഴ ഈടാക്കുന്നത്.തമിഴ്‌നാട്ടിൽ പ്ലാസ്റ്റിക് നിരോധനത്തിന് ശേഷം 70 ശതമാനത്തിലധികം പ്ലാസ്റ്റിക് ഉപഭോഗം കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.

പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം പരിഹരിക്കാനാകാതെ ദുരിതങ്ങളുണ്ടാക്കുന്നുവെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഒറ്റതവണ ഉപയോഗമുളള മുഴുവൻ പ്ലാസ്റ്റിക്കും നിരോധിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.