കെ റെയിലിന് അനുമതിയില്ല; ആവർത്തിച്ച് കേന്ദ്ര സർക്കാർ

Jaihind Webdesk
Tuesday, July 26, 2022

 

കൊച്ചി: സംസ്ഥാന സർക്കാർ നടപ്പിലാക്കാന്‍ ശ്രമിച്ച കെ-റെയിലിന് അനുമതിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേരളം നടത്തുന്ന സാമൂഹികാഘാത പഠനത്തിന് പ്രത്യേക അനുമതി നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന് വേണ്ടി അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സില്‍വര്‍ലൈന്‍ പദ്ധതിക്ക് ഒരു അനുമതിയും നല്‍കിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

സാമൂഹികാഘാത പഠനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്ന സാഹചര്യത്തിലാണ് കേന്ദ്രം ആവര്‍ത്തിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സില്‍വർ ലൈന്‍ സര്‍വേയുടെ പേരില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയാണ് സംസ്ഥാന സർക്കാർ സൃഷ്ടിച്ചത്. നിരവധി പേരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചു. അമ്മമാരെ കുഞ്ഞുങ്ങളുടെ മുന്നില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോകുന്ന സംഭവങ്ങള്‍ അരങ്ങേറി. പ്യായമായവരെയും വൈദികരെയും പോലും തല്ലിച്ചതയ്ക്കുന്നതിന് കേരളം വേദനയോടെ കണ്ടു. യാതൊരു അനുമതിയുമില്ലാത്ത ഒരു പദ്ധതിയുടെ പേരില്‍ കെ റെയില്‍ കല്ലിടലിന്‍റെ മറവിലെ പോലീസ് നരനായാട്ട് എന്തിനായിരുന്നുവെന്ന് മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.

യാതൊരു അനുമതിയും ഇല്ലാത്ത സിൽവർ ലൈൻ പദ്ധതിക്കായി ചെലവാക്കിയ തുക ബന്ധപ്പെട്ടവരിൽ നിന്ന് തിരിച്ചു പിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.