ബ്രിട്ടനിലെ ചൈനീസ് ചാര ഏജന്‍റിനെ കയ്യോടെ പൊക്കി; ഇന്ത്യയിലെ ചാരന്മാർ ആരാണ്?

Jaihind Webdesk
Saturday, January 15, 2022

ചൈന ഏതൊക്കെ രാജ്യങ്ങളിലേക്ക് ചാരന്മാരെ അയച്ചിട്ടുണ്ട്? ആരൊക്കെയാണ് ചൈനയുടെ ചാരന്മാരായി മറ്റു രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്? അങ്ങനെയുള്ള ചാരന്മാര്‍ ബ്രിട്ടനിലുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകള്‍ പുറത്തു വന്നു. ഇത്തരം ചാരന്മാര്‍ ഏതു രാജ്യത്തും ഉണ്ടാകാമെന്നതാണ് നാം മനസിലാക്കേണ്ടത്. ഈ വിവാദം കത്തി നില്‍ക്കുമ്പോഴാണ് ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ എസ് രാമചന്ദ്രന്‍ പിള്ള അസ്വസ്ഥത പ്രകടിപ്പിക്കുന്നത്. ചൈനയെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ് രാമചന്ദ്രന്‍പിള്ളയും തമ്മിലുള്ള തര്‍ക്കവും തുടങ്ങിയിട്ടുണ്ട്.

 

പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍പിള്ള

സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ ചൈനയുടെ സഹായം വേണമെന്നാണല്ലോ എസ്ആര്‍പിയുടൈ ലൈന്‍. അതുകൊണ്ടുതന്നെ ചൈനയെ അമേരിക്കയും ജപ്പാനും ഇന്ത്യയുമൊക്കെ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നത് എസ്ആര്‍പിക്ക് സഹിക്കാനുമാവുന്നില്ല. ചൈനയോടുള്ള സിപിഎം നേതാക്കളുടെ പ്രേമം ഇന്ത്യയുടെ ദേശീയ സുരക്ഷയെ തന്നെ ബാധിക്കുന്ന വിഷയമാണ്. സിപിഎം നേതാക്കളുടെ ഈ ചൈനീസ് പ്രേമത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദ്യം ചെയ്തിരുന്നു.
ഈ വിവാദങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ചൈനയ്ക്ക് ചാരനുണ്ടെന്ന വിവരം പുറത്തു വരുന്നത്. ഈ ചൈനീസ് ഏജന്‍റ് രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന് തെളിവുകള്‍ ലഭിച്ചെന്നുമാണ് ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം 15 ന്‍റെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി പാര്‍ലമെന്‍റ് അധോസഭയായ ഹൗസ് ഓഫ് കോമണ്‍സ് സ്പീക്കര്‍ ലിന്‍ഡ്‌സേ ഹൊയ്‌ലേ എംപിമാര്‍ക്കെല്ലാം ഇ മെയില്‍ അയച്ചു കഴിഞ്ഞു. ലണ്ടനില്‍ നിയമ സ്ഥാപനം നടത്തുന്ന ക്രിസ്റ്റിന്‍ ലീ എന്ന വനിത, ബ്രിട്ടീഷ് എംപിമാര്‍ക്കിടയില്‍ രഹസ്യ ശൃംഖല ഉണ്ടാക്കിയാണ് ചാര പ്രവര്‍ത്തനം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്‍റിനു വേണ്ടി ഇവര്‍ അറിഞ്ഞുകൊണ്ട് രാഷ്ട്രീയ ഇടപെടല്‍ നടത്തിയതിന്‍റെ വിവരങ്ങളാണ് പുറത്തുവരുന്നത്. ഗൗരവമായ ആരോപണമായാലും ലീയെ ഇതുവരെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ചെയ്തിട്ടുമില്ല. ഈ ആരോപണങ്ങളെല്ലാം ലണ്ടനിലെ ചൈനീസ് എംബസി നിഷേധിക്കുന്നുണ്ട്. ഒരു വിദേശ പാര്‍ലമെന്‍റിലും സ്വാധീനമുണ്ടാക്കേണ്ട ആവശ്യമില്ലെന്നാണ് ചൈനയുടെ നിലപാട്.
രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയ ക്രിസ്റ്റിന്‍ ലീ ആരാണെന്ന് ലോകം മുഴുവന്‍ തെരഞ്ഞു കൊണ്ടിരിക്കുകയാണ്. ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിയമ സ്ഥാപനത്തിന്‍റെ സ്ഥാപക കൂടിയാണ് ലീ.

ഏറ്റവും കൗതുകരമായ കാര്യം, ചൈനാ – ബ്രിട്ടണ്‍ സഹകരണത്തിനു വേണ്ടി പ്രവര്‍ത്തിച്ചതിന് 2019ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന തെരേസ മേ അവരെ അഭിനന്ദിക്കുകയും പുരസ്‌കാരം നല്‍കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയായിരിക്കേ ഡേവിഡ് കാമറൂണിനൊപ്പമുള്ള ഇവരുടെ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഹോങ് കോംഗിലും ചൈനയിലും പ്രവര്‍ത്തിക്കുന്ന വിദേശികളില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗങ്ങള്‍ക്ക് പണമെത്തിക്കാന്‍ ലീ സൗകര്യമൊരുക്കിയെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വിവരം.