എൻ.കെ പ്രേമചന്ദ്രന്‍റെ ആത്മാർത്ഥതയും സത്യസന്ധതയും ചോദ്യം ചെയ്യാൻ ആർക്കുമാവില്ലെന്ന് ഉമ്മൻ ചാണ്ടി

Jaihind Webdesk
Friday, April 5, 2019

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ പ്രേമചന്ദ്രന്‍റെ ആത്മാർത്ഥതയും സത്യസന്ധതയും ചോദ്യം ചെയ്യാൻ ആർക്കുമാവില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. കൊല്ലം ലോക്‌സഭാ മണ്ഡലത്തിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സി.പി.എം പ്രേമചന്ദ്രനെ ഭയക്കുന്നത് അദ്ദേഹത്തിന്‍റെ കഴിവിനെ ഭയപ്പെടുന്നതു കൊണ്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ആലത്തൂരിൽ രമ്യ ഹരിദാസിനെതിരായ പരാമർശം പിൻവലിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.

പ്രേമചന്ദ്രനെ സി.പി.എം ഭയക്കുന്നത് മറ്റൊന്നും കൊണ്ടല്ല അദ്ദേഹത്തിന്റെ കഴിവിനെ ഭയന്നാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി സി.പി.എമ്മിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. പ്രേമചന്ദ്രൻ രാഷ്ട്രീയ രംഗത്തുണ്ടാക്കിയ സൽപേര് സി.പി.എമ്മിനെ അലോസരപ്പെടുത്തുകയാണ്. കഴിഞ്ഞ തവണയും പ്രേമചന്ദ്രൻ ജയിച്ചിരുന്നു.

പ്രേമചന്ദ്രനെ കുറിച്ച് സി.പി.എം നടത്തിയ പ്രചരണമാണ് അദ്ദേഹത്തെ സഹായിച്ചത്. ഇത്തവണയും കൊല്ലത്തു നിന്നും അദ്ദേഹം വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി

അലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ പരാമർശം പിൻവലിക്കാൻ തയ്യാറാകതെ തെറ്റിനെ ന്യായീകരിക്കുന്നത് സി പി എമ്മിന് ദോഷം ചെയ്യും. തങ്ങൾക്ക് തെറ്റുപറ്റിയെന്ന് തുറന്നു പറഞ്ഞാൽ അംഗീകരിക്കുന്ന സമീപനമാണ് കേരളത്തിലെ ജനങ്ങൾക്കുള്ളത്. ഇത് ചെയ്യാൻ തയ്യാറാകാതെ പരാമർശത്തെ ന്യായീകരിക്കാൻ നേതാക്കൾ നടത്തുന്ന ശ്രമം സി.പി.എമ്മിന് ദോഷമാവുമെന്നും അദ്ദേഹം പറഞ്ഞു.