‘സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല’; ജലീലിനെ തള്ളി മുഖ്യമന്ത്രി

Jaihind Webdesk
Tuesday, September 7, 2021

 

തിരുവനന്തപുരം : എആര്‍ നഗര്‍ സഹകരണ ബാങ്ക് ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഫോഴ്സ്മെന്‍റ് അന്വേഷിക്കണം എന്നത് സാധാരണ നിലയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ്. കെ.ടി ജലീലിനെ ഇഡി ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘ജലീലിന്‍റെ ആരോപണത്തില്‍ തെളിയുന്നത് ഇഡിയിലുള്ള വിശ്വാസ്യത. ഇഡി ചോദ്യം ചെയ്തതുകൊണ്ട് ജലീലിന് ഇഡിയില്‍ വിശ്വാസം കൂടിയിരിക്കാം. ജലീല്‍ ആവശ്യപ്പെട്ടത് സാധാരണ നിലയ്ക്ക് ഉന്നയിക്കാന്‍ പറ്റാത്ത കാര്യം. സഹകരണ മേഖലയില്‍ ഇഡി അന്വേഷണം ആവശ്യമില്ല. അന്വേഷണത്തിന് ഇവിടെ അനുയോജ്യമായ സംവിധാനമുണ്ട്’ – മുഖ്യമന്ത്രി പറഞ്ഞു.

ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ച് നടപടിയെടുത്തിട്ടുള്ളതാണ്. കോടതി സ്‌റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തത്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.