പ്രവാസികള്‍ക്കായി ചെലവഴിക്കാന്‍ സർക്കാരിന് പണമില്ല; ‘മുഖം മിനുക്കല്‍ ഡോക്യുമെന്‍ററി’കള്‍ക്കായി ചെലവഴിക്കുന്നത് കോടികള്‍; ധൂർത്ത് തുടരുന്നു

 

തിരുവനന്തപുരം : വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്‍റൈനില്‍ കഴിയുന്നതിന് പണംമേടിക്കുന്ന സര്‍ക്കാര്‍, മുഖം മിനുക്കാന്‍ കോടികള്‍ മുടക്കി ഡോക്യുമെന്‍ററികള്‍ നിര്‍മ്മിക്കുന്നു. രണ്ട് കോടി രൂപ ചെലവഴിച്ച് ഡോക്യുമെന്‍ററികള്‍ നിര്‍മ്മിക്കാനുള്ള അനുമതി നല്‍കികൊണ്ട് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഉത്തരവിറക്കി.

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തിന് ആഘോഷം പോലുമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെയാണ് സർക്കാർ തന്നെ അനാവശ്യ ധൂര്‍ത്തുകള്‍ നടത്തുന്നത്. വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സൗജന്യ ക്വാറന്‍റൈൻ സംവിധാനം ഒരുക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ സംസ്ഥാന സർക്കാരാണ് ഇപ്പോൾ ഒരു കോടി രൂപ മുടക്കിയുള്ള നവകേരളം പ്രതിവാര ടെലിവിഷന്‍ പരിപാടി, രണ്ട് ലക്ഷം രൂപ വീതം മുടക്കി 25 ഡോക്യുമെന്‍ററികള്‍, സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘു വീഡിയോകള്‍, 25 ലക്ഷം രൂപ മുടക്കി ആര്‍ക്കൈവ്സ് വിപുലപ്പെടുത്തല്‍, സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ ഹെലിക്യാം ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് 25 ലക്ഷം രൂപ, വീഡിയോ ആര്‍ക്കൈവ്സ് വിപുലപ്പെടുത്തുന്നതിന് പ്രതിമാസ ശമ്പളത്തിന് ഒരാളെ നിയമിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് മൂന്ന് ലക്ഷം രൂപ.

ഇതിനും പുറമേ കേരളത്തിന്‍റെ ദൃശ്യആഖ്യാന ചരിത്രം നിര്‍മ്മിക്കുന്നതിന് ഫോട്ടോഗ്രാഫറായ ബി ജയചന്ദ്രന് 64 ലക്ഷം രൂപയും ആദ്യഘട്ടമായി 32 ലക്ഷം രൂപയും അനുവദിച്ചത്. കൂടാതെ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പറയുന്ന ലഘുലേഖ തയാറാക്കാന്‍ രണ്ടര കോടി രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കുന്നത്. സി.പി.എം നടത്തുന്ന ഗൃഹസന്ദര്‍ശനത്തിന്‍റെ ഭാഗമായി വിതരണം ചെയ്യുന്നതിന് തയാറാക്കിയതാണ് ‘സുഭിക്ഷം, ഭദ്രം, സുരക്ഷിതം’ എന്ന പേരില്‍ തയാറാക്കിയ ലഘുലേഖ. ഇവയുടെ 75 ലക്ഷം കോപ്പികള്‍ സര്‍ക്കാര്‍ ചെലവില്‍ അടിച്ചാണ് സി.പി.എമ്മിന്‍റെ ആശയപ്രചരണം നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കൊവിഡിന്‍റെ മറവിൽ പരസ്യമായി പാർട്ടി താത്പര്യങ്ങൾക്കായി സര്‍ക്കാര്‍ ഖജനാവ് തന്നെ കൊള്ളയടിക്കുകയാണ് മുഖ്യമന്ത്രിയും കൂട്ടരും.

പാവപ്പെട്ടവർക്ക് ലഭിക്കേണ്ട ഖജനാവിലെ പണം ഭരണത്തിന്‍റെ അവസാന നാളുകളില്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടി അനുയായികള്‍ക്കും ഓരോ വകുപ്പുകളുണ്ടാക്കി കൊടുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോൾ ചെയ്യുന്നത്. ഇത്തരം ധൂര്‍ത്തുകള്‍ക്കെല്ലാം പണം മുടക്കുന്ന സര്‍ക്കാരാണ് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്കെത്തുന്ന പ്രവാസികളോട് പണം ആവശ്യപ്പെടുന്നതെന്നതും ഓർക്കേണ്ടതുണ്ട്.

 

Comments (0)
Add Comment