തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല; വോട്ട് വിഹിതത്തിൽ വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രം : താരിഖ് അൻവർ

Jaihind News Bureau
Monday, December 28, 2020

സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ല എന്ന് കേരളത്തിലെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വ്യത്യാസം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താഴെത്തട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ടു. സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായിട്ടില്ലെന്നും വോട്ട് വിഹിതത്തിൽ വ്യത്യാസം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 0.95 ശതമാനമാണ് ഇടതുപക്ഷവും യുഡിഎഫും തമ്മിലുള്ള വോട്ട് വ്യത്യാസമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് മേൽനോട്ടങ്ങൾക്കായി സംസ്ഥാനത്ത് മൂന്നു മേഖലയായി തിരിച്ച് പി വിശ്വനാഥൻ , ഇവാൻ ഡിസൂസ, പി വി മോഹൻ എന്നീ എഐസിസി സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് വരെ 3 സെക്രട്ടറിമാരും കേരളത്തിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് ഘടക കക്ഷികളിൽ നിന്ന് ചില നിർദേശങ്ങൾ ലഭിച്ചു. ചില മാറ്റങ്ങൾ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി താഴേത്തട്ടിൽ പാർട്ടി സംവിധാനം ശക്തിപ്പെടുത്തുമെന്നും ജില്ലാതലം വരെ മാത്രമേ അഴിച്ചുപണി ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെതാണ് .

അതേസമയം നേതാക്കൾ മാദ്ധ്യമങ്ങൾക്ക് മുന്നിലുള്ള പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും തന്നെ നേരിൽ കണ്ട് പാർട്ടിക്കുള്ളിൽ അഭിപ്രായം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് വിപുലീകരണം ഇപ്പോഴില്ലെന്ന് വ്യക്തമാക്കിയ താരിഖ് അൻവർ ചില ഡിസിസികൾക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു.