ശബരിമലയിൽ സ്ഥിതി വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീംകോടതി; അനുമതി നൽകണമെന്ന ബിന്ദു അമ്മിണിയുടെയും രഹനാ ഫാത്തിമയുടെയും ആവശ്യത്തിൽ ഇപ്പോൾ ഉത്തരവ് ഇല്ല

Jaihind News Bureau
Friday, December 13, 2019

Sabarimala

ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് അക്രമം നടക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ പറഞ്ഞു. ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് കാണിച്ച്‌ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ഇക്കാര്യം വ്യക്തമാക്കിയത്.

ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കേരളാ പോലീസ് തയ്യാറാകുന്നില്ലെന്നും, സംസ്ഥാന സര്‍ക്കാരിനോട് പൊലീസ് സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിശാലബെഞ്ചിന്‍റെ രൂപീകരണം വേഗത്തിലാക്കുമെന്നും ചീഫ് ജസ്‌റ്റിസ് സൂചിപ്പിച്ചു.

വിഷയം വിശാല ബെഞ്ചിന് വിട്ടതല്ലേ എന്ന്‌ ചോദിച്ച കോടതി വിഷയം വൈകാരികമെന്നും ചൂണ്ടിക്കാട്ടി. വിവേചന അധികാരം ഉപയോഗിച്ചാണ് ഉത്തരവ് പറയാത്തതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയിൽ സ്ഥിതി വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.